അമേരിക്കന്‍ രഹസ്യാന്വേഷണ വിലയിരുത്തല്‍ ഇങ്ങനെയാണ്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍, വ്യോമ പ്രതിരോധ സംവിധാനം-ഇവയെല്ലാം ഇപ്പോഴും അതിശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇറാന്റെ വജ്രായുധങ്ങളായ ഡ്രോണുകള്‍ പകുതിയും ബാക്കിയുണ്ട്.
ഒരു വശത്ത് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയും ഇസ്രായേലും. മറുവശത്ത് ഇറാന്‍ എന്ന ഒറ്റരാജ്യം. രണ്ട് നാള്‍ കൊണ്ട് ഇറാനെ തീര്‍ത്തുകളയും എന്ന് പറഞ്ഞ് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന്റെ ബാക്കിപത്രം എന്താണ്?

ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു എന്നാണ് ട്രംപ് പറയുന്നത്. ഇറാന്റെ പ്രതിരോധ ശേഷി ഏതാണ്ട് ഇല്ലാതായി എന്ന് യുഎസ് സൈനിക കമാന്‍ഡും അവകാശപ്പെടുന്നു. ഇസ്രായേലിന്റെ അവകാശവാദവും ഇതുതന്നെ. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം തന്നെ പറയുന്നത്. യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ സി എന്‍ എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കന്‍ രഹസ്യാന്വേഷണ വിലയിരുത്തല്‍ ഇങ്ങനെയാണ്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോണുകള്‍, വ്യോമ പ്രതിരോധ സംവിധാനം-ഇവയെല്ലാം ഇപ്പോഴും അതിശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇറാന്റെ വജ്രായുധങ്ങളായ ഡ്രോണുകള്‍ പകുതിയും ബാക്കിയുണ്ട്. അതായത് ആയിരക്കണക്കിന് ഡ്രോണുകള്‍. പിന്നെ, റോക്കറ്റ് ലോഞ്ചറുകള്‍. അതിന്റെ ഭൂരിഭാഗവും നശിച്ചിട്ടില്ല.
അവിടെത്തീരുന്നില്ല, യുഎസ് ഇന്റലിജന്‍സ് വിലയിരുത്തല്‍. എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്ത്, ഇറാന്‍ അതിവേഗം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് എന്നാണ് അവര്‍ പറയുന്നത്. ഏപ്രില്‍ ആദ്യം ആരംഭിച്ച ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ തന്നെ ഇറാന്‍ ഡ്രോണ്‍ ഉത്പാദനം ഭാഗികമായി പുനരാരംഭിച്ചു. ആറ് മാസത്തിനുള്ളില്‍ ഇറാന് ഡ്രോണ്‍ ആക്രമണ ശേഷി പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുമെന്നാണ് ഒരു യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞത്. യുദ്ധത്തില്‍ തകര്‍ന്ന തങ്ങളുടെ സൈനിക ശേഷി ഇറാന്‍ അതിവേഗം വീണ്ടെടുക്കുകയാണ്. അവരുടെ തീരദേശ പ്രതിരോധ ക്രൂയിസ് മിസൈലുകളില്‍ ഭൂരിഭാഗവും തകരാതെ അവശേഷിക്കുന്നുണ്ടെന്നും യുഎസ് ഇന്റലിജന്‍സ് കണക്കാക്കുന്നു. കണക്കുകൂട്ടിയതിനേക്കാള്‍ വളരെ വേഗത്തിലാണ് ഇറാന്റെ തിരിച്ചുവരവ് എന്നാണ് അവരുടെ വിലയിരുത്തല്‍.
ട്രംപ് വീണ്ടും യുദ്ധം തുടങ്ങിയാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും സമാധാനം പോവുമെന്നാണ് ഈ വിലയിരുത്തല്‍ വ്യക്തമാക്കുന്നത്.യുദ്ധം ഇറാന്റെ സൈനിക ശേഷിയെ എത്രത്തോളം തളര്‍ത്തി എന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും അവകാശവാദങ്ങളെക്കൂടി ചോദ്യം ചെയ്യുന്നതാണ് സിഎന്‍എന്നിന്റെ ഈ റിപ്പോര്‍ട്ട്.
എന്നാല്‍, ഇറാന്റെ പ്രതിരോധ ശേഷി ഭൂരിഭാഗവും ഇല്ലാതാക്കിയെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ചൊവ്വാഴ്ച അവകാശപ്പെട്ടത്. കൂപ്പര്‍ പറഞ്ഞത് ഇങ്ങനെയാണ്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഗണ്യമായി തകര്‍ത്തു. അവരുടെ പ്രതിരോധ വ്യാവസായിക അടിത്തറ 90 ശതമാനവും നശിപ്പിച്ചു. ഇവ എളുപ്പം വീണ്ടെടുക്കാന്‍ ഇറാനാവില്ല.
ഇന്നാല്‍, ഇതിന് വിരുദ്ധമാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. യുദ്ധം ഇറാന്റെ സൈനിക ശേഷിക്ക് നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി നശിപ്പിച്ചിട്ടില്ലെന്നാണ് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. കൂപ്പര്‍ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എങ്ങനെയാണ് ഇറാന്‍ പിടിച്ചുനിന്നത്? രണ്ട് കാരണങ്ങളാണ് പ്രധാനമായും പറയുന്നത്. ഒന്ന്, അമേരിക്കയ്ക്കും ഇസ്രായേലിനും വിചാരിച്ചത്ര നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. രണ്ട്, റഷ്യയും ചൈനയും നല്‍കുന്ന ശക്തമായ പിന്തുണ. മിസൈല്‍ നിര്‍മ്മാണത്തിന് വേണ്ട ഘടകങ്ങള്‍ ചൈന ഇറാന് തുടര്‍ച്ചയായി നല്‍കുന്നുണ്ടെന്നാണ് യുഎസ് രഹസ്യാന്വേഷണ വിലയിരുത്തല്‍. ഇപ്പോഴത്തെ യുഎസ് ഉപരോധമാണ് അതിന് ചെറിയ തടസ്സമുണ്ടാക്കിയത്. എന്നാല്‍ ചൈനീസ് സഹായം ഇറാനില്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച സിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ചൈന ഇറാന് മിസൈല്‍ നിര്‍മ്മാണ ഘടകങ്ങള്‍ നല്‍കുന്നുണ്ടെന്ന് നെതന്യാഹു ആരോപിച്ചിരുന്നു. എന്നാല്‍, കൂടുതലൊന്നും അദ്ദേഹം വിശദീകരിച്ചില്ല. ഈ ആരോപണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് തൊട്ടു പിന്നാലെ ചൈന വാര്‍ത്താ സമ്മേളനം വിളിച്ചുപറഞ്ഞു.
കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ സൈനിക നടപടികള്‍ പുനരാരംഭിക്കുമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴാണ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ പുറത്തുവരുന്നത്. ഇത് യുദ്ധത്തിന്റെ മുന്നോട്ടുള്ള പോക്കിനെ സാരമായി ബാധിക്കുമെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.


