ടെഹ്രാന്‍: ഇറാനില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിരോധനം. ഇറാനിലെ പല പ്രവിശ്യകളിലും ഇന്‍റര്‍നെറ്റ് നിരോധിച്ചതിന് പിന്നാലെ ടെഹ്രാനില്‍ സുരക്ഷ ശക്തമാക്കി. പെട്രോള്‍ വില വര്‍ധനവിനെതിരായ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. ഇതില്‍ കൊല്ലപ്പെട്ട പ്രതിഷേധക്കാര്‍ക്കായി വിലാപയാത്ര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയതെന്ന് 'ഇറാനിയന്‍ ലേബര്‍ ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്തു.

അഞ്ചോളം പ്രവിശ്യകളിലാണ് ഇന്‍റര്‍നെറ്റ് നിരോധിച്ചതെന്ന് 'ദി ഇന്‍ഡിപെന്‍റന്‍റ് ഷര്‍ഗ്' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചില ഇറാന്‍ വൈബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് ഐഎല്‍എന്‍എ അറിയിച്ചത്. പെട്രോള്‍ വില കുത്തനെ ഉയര്‍ത്തിയതിലും പെട്രോള്‍ വിതരണം പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് നവംബറിലാണ് ആളുകള്‍ തെരുവിലേക്കിറങ്ങിയത്. പിന്നീട് ഏഴ് ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്റർനെറ്റ് സംവിധാനം പുനസ്ഥാപിച്ചിരുന്നു.

read more: പ്രക്ഷോഭങ്ങൾക്കിടയിൽ ഗവൺമെന്റ് ഇന്റർനെറ്റ് അപ്പാടെ റദ്ദാക്കുമ്പോൾ ഡിജിറ്റൽ ഇന്ത്യയിൽ നടക്കുന്നത് മൗലികാവകാശലംഘനമോ?

അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം സമ്പദ് വ്യവസ്ഥക്ക് ഏൽപിച്ച ആഘാതത്തെ മറികടക്കുന്നതിനാണ് ഇറാൻ പെട്രോൾ വില വർധിപ്പിച്ചത്. പ്രതിഷേധങ്ങളെ ചെറുക്കാന്‍ ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ 304 പേര്‍ കൊല്ലപ്പെട്ടെന്ന് ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള മനുഷ്യാവകാശ സംഘടന 'ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍' അറിയിച്ചപ്പോള്‍ മരണസംഖ്യ 1500 ആണെന്നാണ് 'റോയിട്ടേഴ്സി'ന്‍റെ റിപ്പോര്‍ട്ട്.