പശ്ചിമേഷ്യയിൽ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. തങ്ങളുടെ സൈനിക ശേഷിയെക്കുറിച്ചുള്ള അമേരിക്കയുടെ തെറ്റായ കണക്കുകൂട്ടലുകൾ മറികടക്കാനാണ് ഈ നീക്കമെന്ന് ഇറാൻ കരുതുന്നു. യുദ്ധക്കളത്തിൽ ആക്രമണം തുടർന്നുകൊണ്ടാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക മുന്നോട്ടുവെച്ച 48 മണിക്കൂർ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. മറ്റൊരു രാജ്യം വഴി ബുധനാഴ്ച ലഭിച്ച ഈ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ സൈനിക ശേഷിയെക്കുറിച്ച് അമേരിക്കയ്ക്കുണ്ടായ തെറ്റായ കണക്കുകൂട്ടലുകൾ മൂലം നേരിട്ട തിരിച്ചടികൾ മറികടക്കാനാണ് യുഎസ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് ഇറാൻ വ്യക്തമാക്കിയത്. അടുത്തിടെ കുവൈറ്റിലെ ബുബിയാൻ ദ്വീപിലുള്ള അമേരിക്കൻ സൈനിക ഡിപ്പോയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര ശ്രമങ്ങൾ യുഎസ് ശക്തമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

വെടിനിർത്തൽ സംബന്ധിച്ച നിർദ്ദേശത്തിന് ഇറാൻ ലിഖിത രൂപത്തിൽ മറുപടി നൽകിയിട്ടില്ല. പകരം യുദ്ധക്കളത്തിൽ ആക്രമണം തുടർന്നുകൊണ്ടാണ് ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ പ്രസിഡന്റ് വെടിനിർത്തൽ ആവശ്യപ്പെട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. വെടിനിർത്തലിനായി പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ ഡിമാൻഡുകൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ.