അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരെ ഇസ്രായേല്‍ ലക്ഷ്യമിട്ടേക്കുമെന്നാണ് അമേരിക്ക ഭയന്നിരുന്നത്.

വാഷിംഗ്ടണ്‍: അമേരിക്കയുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്ന ഇറാന്റെ നയതന്ത്രപ്രതിനിധികളെ ഇസ്രായേല്‍ വധിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്ക ഇറാന് രഹസ്യ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഇടനിലക്കാര്‍ വഴി അമേരിക്ക ഈ വിവരം ഇറാനെ അറിയിച്ചത്. രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരെ ഇസ്രായേല്‍ ലക്ഷ്യമിട്ടേക്കുമെന്നാണ് അമേരിക്ക ഭയന്നിരുന്നത്. എന്നാല്‍, ഇത്തരമൊരു വധശ്രമത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മുതിര്‍ന്ന ഇറാനിയന്‍ നേതാക്കളെ വധിക്കാനുള്ള ഇസ്രായേലിന്റെ താല്‍പര്യം പരസ്യമായ രഹസ്യമാണെന്നും ഇസ്രായേലിന്റെ ഈ നീക്കങ്ങള്‍ ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കുന്നു എന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ആരോടാണ് ചര്‍ച്ച നടത്തുന്നതെന്ന് വെളിപ്പെടുത്താന്‍ ട്രംപ് ആദ്യഘട്ടത്തില്‍ വിസമ്മതിച്ചിരുന്നു. 'അവര്‍ കൊല്ലപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാര്യങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടാണ്, ഇസ്രായേല്‍ എല്ലാവരെയും തുടച്ചുനീക്കിക്കഴിഞ്ഞു,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും വ്യാജമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ കുറിച്ചു.

ഇറാനുമായുള്ള യുദ്ധത്തിന്റെ കാര്യത്തില്‍ ട്രംപും നെതന്യാഹുവും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അമേരിക്ക നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നെതന്യാഹു അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ നെതന്യാഹു അമിത വ്യഗ്രത കാണിക്കുന്നു എന്നാണ് ട്രംപ് വിശ്വസിക്കുന്നത്. ജൂണ്‍ മാസത്തില്‍ നടന്ന ഒരു സംഭാഷണത്തിനിടയില്‍, ലെബനനില്‍ ഇസ്രായേല്‍ ആസൂത്രണം ചെയ്ത സൈനിക നീക്കത്തിനെതിരെ ട്രംപ് കടുത്ത ഭാഷയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

യുദ്ധത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, ഇറാന്റെ പരമോന്നത നേതാവിനെയും മുന്‍ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാരിജാനി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ-മത നേതാക്കളെയും ഇസ്രായേല്‍ വധിച്ചിരുന്നു. എന്നാല്‍, ഈ ആക്രമണങ്ങള്‍ക്കൊന്നും ഭരണമാറ്റം കൊണ്ടുവരാന്‍ സാധിച്ചില്ല. ഇക്കാര്യം വ്യക്തമായതോടെയാണ് ട്രംപ് ഭരണകൂടം സൈനിക നീക്കങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചകളുടെ പാത സ്വീകരിച്ചത്.

നിലവില്‍ അമേരിക്കയും ഇറാനും തമ്മില്‍ 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. എങ്കിലും ഇറാന്റെ ആണവ ശേഖരം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. കരാര്‍ നിലവിലിരിക്കെത്തന്നെ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുകയും, ഇതിന് തിരിച്ചടിയായി ഇറാന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായ ഇറാന്‍ നേതാക്കളെ ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നെങ്കില്‍, നിലവിലുള്ള ഈ താല്‍ക്കാലിക ചര്‍ച്ചകള്‍ പോലും പൂര്‍ണ്ണമായി തകരുമായിരുന്നു എന്നാണ് വിലയിരുത്തല്‍