പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന ഉപാധികൾ പുനഃപരിശോധിക്കാൻ ഇറാൻ തയ്യാറെടുക്കുന്നു. നേരിട്ടുള്ള ചർച്ചകൾക്ക് താല്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഇറാന്റെ ഈ നിലപാട് മാറ്റം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണ്ണായക നീക്കമായി വിലയിരുത്തപ്പെടുന്നു.

ടെഹ്റാൻ: പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന ഉപാധികൾ പുനഃപരിശോധിക്കുന്നതായി ഇറാൻ. അമേരിക്കയുടെ 15 ഉപാധികൾ തള്ളിയ ഇറാൻ അഞ്ച് ഉപാധികൾ തിരികെ അമേരിക്കയ്ക്ക് മുന്നിൽ വച്ചിരുന്നെങ്കിലും ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോവുകയാണ്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയാണ് ഇക്കാര്യം പറഞ്ഞത്. ഫലത്തിൽ മേഖലയിൽ യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷകൾ നാമ്പിട്ടു.. അതേസമയം അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് നിലവിൽ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. എങ്കിലും, യുദ്ധം അവസാനിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ പരിശോധിക്കാൻ തയ്യാറാണെന്ന ഇറാന്റെ നിലപാട് നയതന്ത്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അമേരിക്കയുടെ ഉപാധികൾ ഇറാൻ പുനപരിശോധിക്കുമെന്ന് വ്യക്തമാക്കിയതിലൂടെ യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ തയ്യാറാണെന്ന സൂചനയാണ് അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കിയത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്ന വിലയിരുത്തിലിലാണ് രാഷ്ട്രീയ നിരീക്ഷകർ. തുടക്കത്തിൽ ഇറാന്റെ ഭാഗത്തുനിന്നും പ്രതികൂലമായ പ്രതികരണമാണ് ഉണ്ടായതെങ്കിലും സമാധാന ഉടമ്പടിയുടെ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. അതേസമയം, ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇറാന്റെ ഈ നീക്കം ഏറെ നിർണ്ണായകമാണ്. അമേരിക്ക മുന്നോട്ടുവെച്ച 15 ഉപാികളിൽ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിലെ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഇറാൻ നിലപാട് മയപ്പെടുത്തിയത്.