ടെഹ്റാനിൽ നടന്ന മതപരമായ ചടങ്ങിൽ പങ്കെടുത്ത ഖമനേയിയുടെ ദൃശ്യങ്ങൾ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു.

ടെഹ്റാൻ: ഇസ്രയേലുമായി സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി പൊതുവേദിയിൽ. ടെഹ്റാനിൽ ഒരു മതപരമായ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഇസ്രയേലുമായുള്ള 12 ദിവസത്തെ വ്യോമയുദ്ധത്തിനിടെ ഖമനേയി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോർട്ടുണ്ടായിരുന്നു.

ഷിയാ മുസ്ലീങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമായ മുഹറത്തിന്‍റെ ഭാഗമായുള്ള അശൂറാഅ ചടങ്ങിലാണ് ഖമനേയി പങ്കെടുത്തത്. ഖമനേയി ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. പരമ്പരാഗത കറുത്ത വസ്ത്രം ധരിച്ചാണ് ഖമനേയി എത്തിയത്. ടെഹ്റാനിലെ പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ജൂൺ 13-ന് യുദ്ധം ആരംഭിച്ചതിന് ശേഷം പരമോന്നത നേതാവ് പൊതുവേദികളിൽ വന്നിട്ടില്ല. ഖമനേയി നേരിട്ടുള്ള പൊതുപരിപാടികൾ ഒഴിവാക്കുകയും മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ പുറത്തുവിടുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ഖമനേയിയെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടു എന്ന റിപ്പോർട്ടുകളും യുദ്ധത്തിനിടെ പുറത്തുവന്നിരുന്നു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേലും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചത്. യുദ്ധത്തിൽ ഇറാന്‍റെ മുതിർന്ന ആണവ വിദഗ്ധർ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇറാന്‍റെ ആണവ പദ്ധതികൾ പൂർണമായി തകർത്തെന്ന ട്രംപിന്‍റെ അവകാശവാദം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ഇറാന്‍റെ മിസൈലാക്രമണം ഇസ്രായേലിനും കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു. ജൂണ്‍ 24നാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നത്.

അതിനിടെ ഇറാനെതിരെ പ്രതിരോധം ശക്തമാക്കാൻ സേനകള്‍ക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം. ഇറാന്‍റെ ആണവ - മിസൈൽ ശേഷികള്‍ വീണ്ടെടുക്കാൻ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. ഇതിനായി ഇന്‍റലിജന്‍സ്, വ്യോമ പ്രതിരോധ പദ്ധതി നടപ്പാക്കാനാണ് ഇസ്രയേലിന്‍റെ തീരുമാനം. 

Scroll to load tweet…