ലബനനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നീക്കം. അമേരിക്കക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നാണ് ഇറാൻ വാദം

ടെഹ്റാൻ: ഇറാൻ - അമേരിക്ക സമാധാന കരാർ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇസ്രായേൽ, ലബനൻ തലസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ലബനൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചകളുമായി മുന്നോട്ട് പോകുന്നത് സാധ്യമല്ലെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് അഭിപ്രായപ്പെട്ടത്. അമേരിക്കക്ക് വാക്ക് പാലിക്കാൻ കഴിയുന്നില്ലെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന നിലപാടാണ് ഉണ്ടായതെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്ന് നിർണായക കരാറിൽ ഒപ്പുവെക്കേണ്ടത് സ്പീക്കർ ഗാലിബാഫാണ്. ഇറാനും അമേരിക്കയും തമ്മിൽ ഏറെ നാളായി നടന്നുവന്ന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കവെയാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കമുണ്ടായത്. ലബനനിലെ ആക്രമണം മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നതാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഒത്തുതീർപ്പ് കരാറുകൾക്ക് പ്രസക്തിയില്ലെന്നുമാണ് ഇറാന്റെ നിലപാട്. അവസാന നിമിഷത്തിൽ ഇറാൻ കടുപ്പിച്ചത് കരാറിനെ ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്. നേരത്തെ ഇറാൻ - യു എസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് കരാർ ഒപ്പുവയ്ക്കുമെന്ന് ട്രംപ്

ഇറാൻ - യു എസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന നിലപാടിലാണ് ഡോണൾഡ് ട്രംപ്. ധാരണ ഒപ്പിട്ടാൽ ഉടനടി ഹോർമുസ് തുറക്കും. സമ്പുഷ്‌ടീകരിച്ച യുറേനിയം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് 60 ദിവസത്തിനകം അന്തിമ കരാർ രൂപീകരിക്കും. സമാധാന ധാരണാപത്രം ഒപ്പിടുന്നത് നേരിട്ടായേക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വേദിയാകാൻ സ്വിറ്റ്സർലണ്ട് സന്നദ്ധത അറിയിച്ചെങ്കിലും തീരുമാനം ആയിട്ടില്ല. സമാധാന ധാരണ ഒപ്പിടൽ ചടങ്ങ് ജനീവയിൽ നടന്നേക്കും എന്നായിരുന്നു നേരത്തെയുള്ള വിവരങ്ങൾ. എന്നാൽ ഇപ്പോൾ ഒപ്പിടുന്ന കേവലം രണ്ട് പേജുള്ള ധാരണാപത്രം അതത് രാജ്യങ്ങളിലിരുന്ന് തന്നെ പരസ്പരം അംഗീകരിച്ച് കൈമാറിയേക്കുമെന്ന സൂചനകളുമുണ്ട്. അറുപത് ദിവസത്തെ തുടർ ചർച്ചകൾക്ക് ശേഷമാകും വിശദമായ കരാർ. ഇറാന്റെ യുറേനിയം ശേഖരം നീക്കുകയും ആണവ പദ്ധതി അവാനിപ്പിക്കുകയും ചെയ്യുന്നതാകും കരാറിന്റെ അന്തിമ ഫലമെന്നാണ് റിപ്പോർട്ടുകൾ. ധാരണയെച്ചൊല്ലി ഇതുവരെ വന്ന അഭ്യൂഹങ്ങളെല്ലാം അമേരിക്കയും ഇറാനും നേരത്തെ തള്ളിയിരുന്നു. തീവ്ര നിലപാടുള്ളവരും നയതന്ത്ര സ്വഭാവമുള്ളവരും തമ്മിൽ ധാരണയെച്ചൊല്ലി ഇറാനിൽ ഭിന്നത ശക്തമാണ്. ധാരണയ്ക്കായി കിണഞ്ഞു ശ്രമിക്കുന്നതിനെച്ചൊല്ലി ഇറാൻ വിദേശകാര്യ മന്ത്രിയെ ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി കടന്നാക്രമിച്ചത് ഭിന്നതയുടെ തെളിവായി. അബ്ബാസ് അരഗ്ച്ചിയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് പങ്കുവെച്ചിരുന്നു. ധാരണയുടെ വിവരങ്ങൾ പരസ്യമാക്കിയ ഇറാൻ മാധ്യമങ്ങളെ വിമർശിച്ച മന്ത്രിയുടെ നിലപാട് അമേരിക്കയ്ക്ക് ആയുധം നൽകുന്നതായി എന്നാണ് വിമർശനം. ഇറാന് അമേരിക്ക യുദ്ധ നഷ്ടപരിഹാരം നൽകുന്നതും ഫണ്ട് കൈമാറുന്നതും ധാരണയിലുണ്ടായേക്കും. അതിനിടെ ഇറാന് യു എ ഇ മുന്നൂറ് കോടി ഡോളർ ഫണ്ട് നൽകുമെന്ന മാധ്യമ റിപ്പോർട്ടുകൾ യു എ ഇ തള്ളി. ഇറാനുമായി ഊർജ്ജ കരാറിലേക്ക് ഖത്തർ നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ ഖത്തറും നിഷേധിച്ചു. ഇരു പക്ഷത്തും ധാരണയെ അനുകൂലിച്ചും ധാരണയെ വിമർശിച്ചും മാധ്യമ റിപ്പോർട്ടുകളും അഭ്യൂഹങ്ങളും ശക്തമാണ്. എന്നാൽ അമേരിക്കയുമായുള്ള ധാരണയിൽ അന്തിമ രൂപമായിട്ടില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.