യുഎസ് ആക്രമണങ്ങൾക്ക് മുമ്പ് ഇറാൻ ഫോർഡോ പ്ലാന്റിൽ നിന്ന് കാര്യമായ അളവിൽ യുറേനിയവും ഉപകരണങ്ങളും മാറ്റിയിരുന്നുവെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി

വാഷിംഗ്ടണ്‍: യുഎസ് ആക്രമണങ്ങൾക്ക് മുമ്പേ ഇറാൻ ഫോർഡോ പ്ലാന്‍റിൽ നിന്ന് കാര്യമായ അളവിൽ യുറേനിയവും മറ്റ് ഉപകരണങ്ങളും മാറ്റിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടുകൊണ്ട് ഞായറാഴ്ച ആക്രമിച്ച മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഒന്നാണ് ഇറാനിലെ ഫോർഡോ ഫ്യുവൽ എൻറിച്ച്‌മെന്‍റ് പ്ലാന്‍റ്. നതാൻസ്, ഫോർഡോ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു എന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. പിന്നീട് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിലും ഫോർഡോ പ്ലാന്‍റിനും അത് സ്ഥിതി ചെയ്യുന്ന ടെഹ്‌റാന് തെക്കുള്ള പർവതത്തിനും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കാണിച്ചിരുന്നു.

എന്നാൽ, യുഎസ് ആക്രമണങ്ങൾക്ക് മുമ്പേ ഇറാൻ ഫോർഡോ പ്ലാന്‍റിൽ നിന്ന് കാര്യമായ അളവിൽ യുറേനിയവും മറ്റ് ഉപകരണങ്ങളും മാറ്റിയിരുന്നു എന്നാണ് രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തിയത്. യുഎസ് സൈന്യത്തെ ഇറാനിലേക്ക് അയക്കണോ എന്ന് ട്രംപ് ഭരണകൂടം ആലോചിക്കുന്നതിനിടെ, 90 ശതമാനം ആയുധ നിലവാരത്തോട് അടുത്ത്, 60 ശതമാനം ശുദ്ധീകരിച്ച 400 കിലോഗ്രാം യുറേനിയം എൻറിച്ച്‌മെന്‍റ് പ്ലാന്‍റിൽ നിന്ന് മാറ്റിയതായി റിപ്പോർട്ടുണ്ട്.

യുഎസ് ആക്രമണങ്ങൾ റേഡിയേഷൻ ചോർച്ച ഭീഷണി ഉയർത്തിയപ്പോഴും, ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങളിൽ റേഡിയേഷന് കാരണമാകുന്ന വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇറാൻ പറഞ്ഞിരുന്നു. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ ഇറാന്‍റെ യുറേനിയം ശേഖരം എവിടെയാണെന്ന് അറിയില്ലെന്ന് സമ്മതിച്ചിട്ടുണ്ട് എന്നാണ് ന്യയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.

യുറേനിയത്തിന്‍റെ കാര്യത്തിൽ എന്തെങ്കിലും നടപടി ഉറപ്പാക്കാൻ യുഎസ് പ്രവർത്തിക്കുമെന്ന് വാൻസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫിന്‍റെ പുതിയ ചെയർമാൻ ഡാൻ കെയ്‌നും ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള ട്രംപിന്‍റെ 'പൂർണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന വാദത്തിന് വിരുദ്ധമായ പരാമർശങ്ങളാണ് നടത്തിയത്. പ്രധാനപ്പെട്ട നാശനഷ്ടങ്ങളും നാശവും സംഭവിച്ചു എന്ന് മാത്രമാണ് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇസ്രായേൽ സൈന്യത്തിന്‍റെ പ്രാഥമിക വിലയിരുത്തലിലും ഇത് തന്നെയാണ് കാണിച്ചിരുന്നത്.