ഹോർമുസ് കടലിടുക്കിൽ ഇറാൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. തിരിച്ചടിയായി ഇറാന്റെ റഡാർ കേന്ദ്രങ്ങൾ ആക്രമിച്ചതായും യുഎസ് വ്യക്തമാക്കി. ഈ സൈനിക നടപടികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിനെ പ്രതിസന്ധിയിലാക്കുകയും മേഖലയിലെ സംഘർഷം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ തൊടുത്തുവിട്ട നാല് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യത്തിന്റെ അവകാശവാദം. പിന്നാലെ തിരിച്ചടിയെന്നോണം ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഇതോടെ ഇറാൻ- അമേരിക്ക താൽക്കാലിക വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായി. ഇറാനുമേൽ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് പുതിയ സൈനിക നടപടി. ഹോർമൂസ് മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനാണ് കടലിടുക്കിലെ ഒരു ദ്വീപ് ഉൾപ്പെടെയുള്ള റഡാർ കേന്ദ്രങ്ങൾ തകർത്തതെന്നും സൈന്യം വ്യക്തമാക്കി. ആഗോള എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങൾക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രത്യാക്രമണങ്ങൾ തുടരുകയാണ്. ഈ ആഴ്ച ആദ്യം കുവൈറ്റിലെ പ്രധാന വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം വെടിനിർത്തൽ തകരുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ഇറാനിലെ സാഹചര്യം സുഗമമായാണ് മുന്നോട്ട് പോകുന്നതെന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.