ബാഗ്‌ദാദ്: അമേരിക്കൻ അധിനിവേശത്തിന് ശേഷം, ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കരുത്താർജ്ജിക്കുന്നു. പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ ഏഴുപേർ കൊല്ലപ്പെട്ടു.

ഇറാഖ് കണ്ട വലിയ ജനകീയ പ്രക്ഷോഭമാണ് ബഗ്ദാദിൽ ആരംഭിച്ചിരിക്കുന്നത്. ഒക്ടോബോറിൽ തുടങ്ങിയ സർക്കാർ വിരുദ്ധ പ്രോക്ഷോഭം നാൾക്കുനാൾ ശക്തിപ്പെടുന്നതാണ് ഇവിടെ നിന്ന് കാണാനാവുന്നത്.

പ്രക്ഷോഭകരും, സുരക്ഷാ സേനയും തെരുവിൽ ഏറ്റുമുട്ടുന്നതും പതിവായിരിക്കുകയാണ്. ലിബറേഷൻ സക്വയറിൽ തടിച്ചു കൂടിയ പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നതിനിടെ ഇന്നലെ പ്രശ്നം വഷളായി. പ്രതിഷേധക്കാരുടെ ക്യാംപുകൾ തകർത്തതോടെ, ടൈഗ്രീസ് നദിക്ക് കുറുകെയുള്ള പാലത്തിൽ സുരക്ഷാ സേനയും പ്രക്ഷോഭകരും ഏറ്റുമുട്ടി.

സുരക്ഷാ സേന കണ്ണീർ വാതകവും സൗണ്ട് ബോബും പ്രോയോഗിച്ചു. ഏഴുപേർ കൊല്ലപ്പെട്ടു. ഇതോടെ പ്രക്ഷോഭം തുടങ്ങി ഇതുവരെ മരിച്ചവരുടെ എണ്ണം 260 കടന്നു. പരിക്ക് പറ്റിയവരുടെ കണക്കുകൾ പോലുമില്ല. തൊഴിലില്ലായ്മ, അഴിമതി, സർക്കാരിന് മേലുള്ള ഇറാന്‍റെ സ്വാധീനം എന്നിവയാണ് ജനകീയ പ്രക്ഷോഭത്തിന് കാരണം. പ്രധാനമന്ത്രി അദൽ അബ്ദുൽ മഹ്ദി രാജിവയ്ക്കുന്നത് വരെ സമരമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.