പാകിസ്ഥാനിലെ ഖിസ ക്വനി ബസാർ മേഖലയിലെ  ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. 

പെഷവാർ:പാക്കിസ്ഥാനിലെ (Pakistan) പെഷാവറില്‍ മുസ്‌ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ (Bomb blast) ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്.

പാകിസ്ഥാനിലെ ഖിസ ക്വനി ബസാർ മേഖലയിലെ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി പള്ളിയിലേക്ക് കടക്കാൻ ശ്രമിക്കുകയും പള്ളിക്ക് പുറത്ത് കാവൽ നിന്ന പൊലീസുകാർക്കുനേരെ വെടിയുതിർക്കുകയും ചെയ്തതായി പെഷവാർ ക്യാപിറ്റൽ സിറ്റി പൊലീസ് ഓഫീസർ ഇജാസ് അഹ്‌സൻ പറഞ്ഞു. വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. 

വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പ്രാർത്ഥനയ്‌ക്ക് തൊട്ടുമുമ്പായാണ് ആക്രണം നടന്നത്. അക്രമി പള്ളിയിലേക്ക് ഓടിക്കയറി ആദ്യം വെടിയുതിര്‍ത്തു. പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. റാവൽപിണ്ടിയിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസമാണ് ആക്രമണം നടന്നത്. സ്ഫോടനം നടന്നതിന് 187 കിലോമീറ്റര്‍ ദൂരത്താണ് ക്രിക്കറ്റ് മത്സരം നടക്കുന്നത്. സ്‌ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകര്‍ന്നിട്ടുണ്ട്.