ഇസ്രായേൽ പാർലമെൻ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ അന്തിമഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ലിക്കുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷം തികയ്ക്കാനായില്ല.
ജെറുസലേം: ഇസ്രായേൽ പാർലമെൻ്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം (61 സീറ്റുകൾ) തികയ്ക്കാൻ ഇവർക്കായില്ല. പുതിയ പാർലമെന്റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
'ദി ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് പ്രകാരം, 120 അംഗ പാർലമെൻ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 21 സീറ്റുകൾ നേടിയ മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിൻ്റെ യാഷർ പാർട്ടി തൊട്ടുപിന്നിലുണ്ട്. മറ്റ് കക്ഷികളുടെ സീറ്റുനില ഇങ്ങനെയാണ്: ബിയാചദ് - 12, ജോയിന്റ് ലിസ്റ്റ് - 11. ദി ഡെമോക്രാറ്റ്സ്, റാം പാർട്ടികൾക്ക് എട്ട് സീറ്റുകൾ വീതം ലഭിച്ചു. ഇസ്രായേൽ ബെയ്തനു, യുണൈറ്റഡ് തോറ ജൂതയിസം, ഓട്സ്മ യെഹൂദി എന്നീ പാർട്ടികൾ ഏഴ് സീറ്റുകൾ വീതം നേടി. ഷാസ്, റിലീജിയസ് സിയോണിസം പാർട്ടികൾ ആറ് സീറ്റുകളിൽ വീതവും വിജയിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അന്തിമഫലം വന്നപ്പോൾ നെതന്യാഹുവിനെ അനുകൂലിക്കുന്ന വിഭാഗത്തിന് 53 സീറ്റും എതിർക്കുന്ന സഖ്യത്തിന് 48 സീറ്റും ലഭിച്ചു. അറബ് പാർട്ടികൾ 19 സീറ്റുകളാണ് സ്വന്തമാക്കിയത്. ആകെ 57,16,665 ആളുകൾ വോട്ട് ചെയ്തപ്പോൾ 77.9 ശതമാനമായിരുന്നു പോളിംഗ്. അതേസമയം തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള 3.25 ശതമാനം വോട്ട് വിഹിതം നേടാൻ ചില പാർട്ടികൾക്ക് കഴിഞ്ഞില്ല. 2.7 ശതമാനം വോട്ട് നേടിയ ദി റിസർവിസ്റ്റ്സ്, 1.7 ശതമാനം വോട്ട് നേടിയ പീപ്പിൾ ഓഫ് ഇസ്രായേൽ, 0.2 ശതമാനം വോട്ട് നേടിയ ചരേദി പബ്ലിക് എന്നീ പാർട്ടികളാണ് പാർലമെന്റിൽ എത്താനാകാതെ പുറത്തായത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാരുണ്ടാക്കാൻ നെതന്യാഹുവിന് മുന്നിൽ വഴികൾ എളുപ്പമല്ല. സർക്കാരുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ള നേതാവിനെയാകും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആദ്യം ക്ഷണിക്കുക. ഈ നേതാവിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരാൾക്ക് അവസരം നൽകും. നിശ്ചിത സമയത്തിനുള്ളിൽ സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരും.
അതേസമയം, ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടി മുൻകൈയെടുത്ത് അറബ് പാർട്ടികളുടെ ബാഹ്യ പിന്തുണയോടെ സർക്കാർ ഉണ്ടാക്കുമോ എന്നാണ് ആകാംക്ഷ. എന്നാൽ ഇതിന് സാധ്യത കുറവാണെന്ന് റാം പാർട്ടി നേതാവ് മൻസൂർ അബ്ബാസ് പ്രതികരിച്ചിരുന്നു. അറബ് പാർട്ടികളെ സഹകരിപ്പിക്കാൻ ഡെമോക്രാറ്റ്സ് പാർട്ടി മാത്രമാണ് നിലവിൽ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് പ്രതിപക്ഷത്തെ പിളർത്താൻ സാധിച്ചാൽ ഭൂരിപക്ഷം തികയ്ക്കാനാകും. എന്നാൽ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷ പാർട്ടികൾ ഇത്തരമൊരു സഖ്യത്തിന് തയ്യാറാകുമോ എന്ന് സംശയമാണ്.
അതിനിടെ, തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലും കൃത്രിമവും നടന്നെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. അറബ് മേഖലയിലെ വോട്ടിംഗിനെ വിദേശ ശക്തികൾ സ്വാധീനിക്കാൻ ശ്രമിച്ചോ എന്ന് അന്വേഷിക്കാൻ സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി സുരക്ഷാ ഏജൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.






