ഇസ്രയേൽ എയ‍ർപോർട്ട് അതോറിറ്റി ‌‌‌ഞായറാഴ്ചയാണ് വ്യോമപാത അടച്ചതായി വിശദമാക്കിയത്. എത്രകാലത്തേക്കാണ് തീരുമാനമെന്ന് അധികൃതർ വിശദമാക്കിയിട്ടില്ല

ടെൽ അവീവ്: ഇസ്രയേൽ - ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ വന്നതിന് പിന്നാലെ വ്യോമാതിർത്തി അടച്ച് ഇസ്രയേൽ. എല്ലാ വിമാനങ്ങളും മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റദ്ദാക്കിയതായി ഇസ്രയേൽ ഔദ്യോഗിക വിമാന സ‍ർവ്വീസായ ഇസ്രയേൽ എയർലൻ‍ഡും വ്യക്തമാക്കി. ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലേക്ക് തിരിച്ച വിമാനങ്ങൾ മറ്റൊരു വിമാനത്താവളത്തിൽ ഇറങ്ങുമെന്നും ഇസ്രയേൽ എയർലൻഡ് വിശദമാക്കിയതായി ഇസ്രയേലി മാധ്യമമായ ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ എയ‍ർപോർട്ട് അതോറിറ്റി ‌‌‌ഞായറാഴ്ചയാണ് വ്യോമപാത അടച്ചതായി വിശദമാക്കിയത്. എത്രകാലത്തേക്കാണ് തീരുമാനമെന്ന് അധികൃതർ വിശദമാക്കിയിട്ടില്ല. ഞായറാഴ്ച പുലർച്ചെയാണ് ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചത്. അതേസമയം ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടി ആരംഭിച്ചു. ഇസ്രയേലിലെ ടെൽ അവീവ്, ജറുസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ഇറാന്റെ തിരിച്ചടിയുണ്ടായത്. ഒരു മിസൈൽ മധ്യ ഇസ്രയേലിൽ പതിച്ചു. ഇറാൻ ആക്രമണങ്ങൾ 16 പേർക്ക് പരിക്കേറ്റെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേലിലെ സുപ്രധാന വിമാനത്താവളമായ ബെൻ ഗുരിയോൺ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പത്താം ദിവസമാണ് അമേരിക്കയുടെ നേരിട്ടുളള ആക്രമണം. ഇത് ആദ്യമായാണ് അമേരിക്കൻ വ്യോമസേന യുദ്ധ മുഖത്ത് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ വർഷിക്കുന്നത്. യുഎസ് നാവിക സേനയുടെ അന്തർവാഹിനികളിൽ നിന്നുള്ള ക്രൂസ് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചു. ഇറാനിലെ ആക്രമണത്തിന് പിന്നാലെ, ന്യൂയോർക്കിലും വാഷിംഗ്ടണിലും മത സ്ഥാപനങ്ങളിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഇറാൻ ചർച്ചയ്ക്ക് തയാറായാൽ ആക്രമണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. ഇറാൻ പിൻമാറാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം