Asianet News MalayalamAsianet News Malayalam

പറന്നെത്തുന്ന മിസൈലുകളും തരിപ്പണമാക്കാൻ പോന്ന ബോംബിങ്ങുകളും തടയുന്ന രക്ഷാകവചം! ഇസ്രായേലിന്റെ ബോംബ് ഷെൽട്ടർ

ഇസ്രായേലിലെ ഭൂരിഭാഗം വരുന്ന കെട്ടിടങ്ങളിലും ഈ ബോംബ് ഷെൽട്ടറുകൾ ഉണ്ട്. ഏറെ പ്രത്യേകതകതകളുള്ള ഈ ബോംബ് ഷെൽട്ടറുകളിൽ ഒന്ന് ഏഷ്യാനെറ്റ് സുവർണ ന്യൂസ് എഡിറ്റർ അജിത് ഹനമാക്കനവർ സന്ദർശിച്ചു

Israel Hamas War Inside a bomb shelter in Israel s Ashkelon ppp
Author
First Published Oct 17, 2023, 7:56 PM IST

ടെൽ അവീവ്: ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെ തുടങ്ങിയ യുദ്ധത്തിൽ കെടുതികൾ ഗാസയിലും ഇസ്രായേലിലും തുടരുകയാണ്. ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയും കരയുദ്ധത്തിലേക്ക് കടക്കാനൊരുങ്ങുകയും ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം തന്നെ ഹമാസ് ഇസ്രായേലിലേക്ക് മിസൈലാക്രമണം തുടരുകയാണ്.  

യുദ്ധസമയത്ത് ഹമാസിന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേൽ ജനതയെ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ബോംബ് ഷെൽട്ടറുകളാണ്. ഇസ്രായേലിലെ ഭൂരിഭാഗം വരുന്ന കെട്ടിടങ്ങളിലും ഈ ബോംബ് ഷെൽട്ടറുകൾ ഉണ്ട്. ഏറെ പ്രത്യേകതകതകളുള്ള ഈ ബോംബ് ഷെൽട്ടറുകളിൽ ഒന്ന് ഏഷ്യാനെറ്റ് സുവർണ ന്യൂസ് എഡിറ്റർ അജിത് ഹനമാക്കനവർ സന്ദർശിച്ചു. ഇസ്രയേലിലെ അഷ്കലോണിലെ ബോംബ് ഷെൽട്ടറിലെത്തിയ അദ്ദേഹം ഇവയുടെ പ്രത്യേകതകൾ നേരിട്ടുകണ്ട് മനസിലാക്കി.

കെട്ടിടത്തിന്റെ ബേസ്‌മെന്റുകളിലാണ് ഈ ഷെൽട്ടറുകൾ സ്ഥിതി ചെയ്യുന്നത്. ഹമാസിന്റെ ആക്രമണങ്ങളിൽ നിന്ന് നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ നിർണായക പങ്കാണ് ഈ ഷെൽട്ടറുകൾ വഹിച്ചതെന്നാണ് ഈ സുരക്ഷാ കവചത്തിന്റെ പ്രത്യേകതകളിൽ നിന്ന് വ്യക്തമാകും. മിസൈൽ ആക്രമണങ്ങൾ, വെടിവെപ്പ്, ബോംബ് സ്ഫോടനങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ  രൂപകൽപ്പന. ശക്തമായ ഇരുമ്പ് വാതിലുകളാണ് ഷെൽട്ടറുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.  

കിടക്കകൾ, ജലവിതരണം, ടോയ്‌ലറ്റുകൾ, ഭക്ഷണസാധനങ്ങൾ എന്നിവയുൾപ്പെടെ അവശ്യ സൗകര്യങ്ങൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ തീയണയ്ക്കാനുള്ള ജലവിതരണ സംവിധാനവും ഒരുക്കിയിരിക്കുന്നു. കൂടുതൽ മിസൈൽ ആക്രമണങ്ങളും രാത്രി നടക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും രാത്രി ചെലവഴിക്കുന്നത് ഈ ഷെൽട്ടറുകളിലാണ്. യുദ്ധ സാഹചര്യത്തിൽ വീടുകൾ കേന്ദ്രീകരിച്ച് നടക്കാൻ സാധ്യതയുള്ള ആക്രമണങ്ങളിൽ നിന്നും കവർച്ചാ ശ്രമങ്ങളിൽ നിന്നും ഷെൽട്ടറുകൾ സുരക്ഷ നൽകുന്നുവെന്നുമാണ് താമസക്കാരുടെ നേർസാക്ഷ്യം.

ഇതിനിടെ, ഇസ്രയേല്‍ - ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തുമ്പോള്‍  അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്കെത്തുകയാണ്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

Read more: ദുബൈയില്‍ നാല് ഇസ്രയേലികള്‍ക്ക് കുത്തേറ്റെന്ന് പ്രചാരണം; കാട്ടുതീ പോലെ പടര്‍ന്ന് വാര്‍ത്ത, പ്രതികരിച്ച് പൊലീസ്

ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി. ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു.  ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios