മൂന്നാം ദിവസവും ശമിക്കാതെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പുകയുകയാണ്

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വ്യാപിക്കുന്നതിനിടെ ഇറാന്‍ പൗരന്‍മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍ സേന. ഇറാനിലെ ആയുധ നിര്‍മ്മാണശാലകളിലുള്ളവരും സമീപമുള്ളവരും ഉടന്‍ തന്നെ സ്ഥലം കാലിയാക്കണമെന്ന് ഇസ്രയേല്‍ സേനാ പ്രതിനിധി കേണല്‍ അവിചയ് അദ്രെയ് അറിയിച്ചു.

'എല്ലാ ഇറാനിയൻ പൗരന്മാർക്കും അടിയന്തര മുന്നറിയിപ്പ്: ഇറാനിലെ സൈനിക ആയുധ നിർമ്മാണശാലകളിലും സഹായ സ്ഥാപനങ്ങളിലും നിലവിലുള്ളവരും വരുംഭാവിയില്‍ അങ്ങോട്ട് പോകാനിരിക്കുന്നവരും ഉടന്‍ തന്നെ ആ പ്രദേശങ്ങള്‍ വിട്ടുപോവുകയും ഇനിയൊരു അറിയിപ്പുണ്ടാകും വരെ തിരികെയെത്തുകയും ചെയ്യരുത്. ഇറാനിലെ ആയുധ നിര്‍മ്മാണശാലകള്‍ക്ക് സമീപമുള്ള സാന്നിധ്യം നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കും'- എന്നാണ് ഐഡിഎഫ് വക്താവിന്‍റെ മുന്നറിയിപ്പ്. ഇറാനില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നിര്‍മ്മിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഇടങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഇസ്രയേല്‍ കനത്ത വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

വെള്ളിയാഴ്‌ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനും, അണവ സമ്പുഷ്‌ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സേന വ്യോമാക്രമണം തുടങ്ങിയത്. ഇതിന് ടെല്‍ അവീവിലേക്ക് അടക്കം ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പടെ പ്രയോഗിച്ച് ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കിയതോടെ ഇസ്രയേല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയും എണ്ണപ്പാടങ്ങളും ആക്രമിക്കുന്നതില്‍ ശ്രദ്ധയൂന്നി. ഇറാനിലെ ബുഷ്‌ഹര്‍ പ്രവിശ്യയിലുള്ള പാര്‍സ് റിഫൈനറിയാണ് ഐഡിഎഫ് ആക്രമിച്ചത്. നഥാന്‍സ് യുറേനിയം സമ്പുഷ്‌ടീകരണ നിലയത്തിന് പുറമെ മറ്റ് ആണവ നിലയങ്ങളിലേക്കും ഇസ്രയേല്‍ സേന വ്യോമാക്രമണം വ്യാപിപ്പിക്കുകയും ചെയ്തു. ആയുധ ഫാക്ടറികളാണ് ഇസ്രയേല്‍ സേനയുടെ അടുത്ത ലക്ഷ്യം എന്നാണ് സൂചന.

അതേസമയം തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്‍റെ മിസൈൽ വർഷമുണ്ടായി. മൂന്നാം ദിവസവും ശമിക്കാതെ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പുകയുകയാണ്. ഇരു രാജ്യങ്ങളിലും കനത്ത നാശം ഇതിനകം വ്യോമാക്രമണങ്ങള്‍ വഴിവെച്ചുകഴിഞ്ഞു.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News