ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കേ ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാണെന്ന അറിയിപ്പുമായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്ക്

ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കിയിട്ടുള്ളതായി സ്ഥിരീകരിച്ച് ഇലോണ്‍ മസ്ക്. സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഇറാന്‍ ഭരണകൂടം രാജ്യത്തെ പരമ്പരാഗത ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മസ്കിന്‍റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഇറാനില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുള്ളപ്പോള്‍ ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ലഭ്യമാക്കിയ മസ്കിന്‍റെ തീരുമാനം രാഷ്ട്രീയ വിവാദമാകാന്‍ സാധ്യതയുണ്ട്.

ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെ രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം വന്നിരുന്നു. ‘രാജ്യത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു’- എന്നായിരുന്നു വെള്ളിയാഴ്ച ഇറാന്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. രാജ്യം സാധാരണ നിലയിലാവുന്നതുവരെ തല്‍സ്ഥിതി തുടരുമെന്നും ഇറാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ ഇന്‍റര്‍നെറ്റ് സംവിധാനം അടഞ്ഞ ഇറാന്‍ ജനതയ്ക്ക് ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലഭ്യമാണെന്ന് നാലേ നാല് വാക്കുകളിലൂടെയായിരുന്നു ഇലോണ്‍ മസ്കിന്‍റെ പ്രഖ്യാപനം. 'ദി ബീംസ് ആര്‍ ഓണ്‍'- എന്നാണ് എക്‌സില്‍ ഒരു ട്വീറ്റിന് മറുപടിയായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് കമ്പനിയുടെ സിഇഒയായ മസ്ക് കുറിച്ചത്.

Scroll to load tweet…

ലോ-എര്‍ത്ത് ഉപഗ്രഹ ശൃംഖല വഴിയാണ് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന് കീഴിലുള്ള ഉപഗ്രഹ ഇന്‍റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ബ്രോ‍ഡ്‌ബാന്‍ഡ് സേവനം എത്തിക്കുന്നത്. പരമ്പരാഗത നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ എത്താത്ത കുഗ്രാമങ്ങളിലും, പര്‍വത മേഖലകളും വനങ്ങളും പോലെയുള്ള അതിര്‍ത്തിപ്രദേശങ്ങളിലും, എന്തിന് സമുദ്രങ്ങളില്‍ വരെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ നെറ്റ്‌വര്‍ക്ക് വഴി മസ്ക് ഇന്‍റര്‍നെറ്റ് എത്തിക്കുന്നു. പരമ്പരാഗത ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഒരു രാജ്യം നിരോധനം ഏര്‍പ്പെടുത്തിയാലും അവിടെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ലഭ്യമാകും എന്ന് തെളിയിക്കുന്നതാണ് ഇറാനിലെ കാഴ്ചകള്‍. ബ്ലാക്ക് മാര്‍ക്കറ്റുകള്‍ വഴി 20,000-ത്തോളം സ്റ്റാര്‍ലിങ്ക് ടെര്‍മിനുകള്‍ ഇറാനില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍. സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റിന് പുറമെ സ്റ്റാര്‍ലിങ്കിന്‍റെ സെല്‍-ടു-സാറ്റ്‌ലൈറ്റ് സംവിധാനവും ഇറാനില്‍ സജീവമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം കടുക്കുകയായിരുന്നു. ഇറാന്‍റെ ആണവപദ്ധതികള്‍ തകര്‍ക്കുക ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് ഇസ്രയേലിന്‍റെ വാദം. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിൽ വ്യാപക നാശമുണ്ടായി. ഇസ്രയേലിന്‍റെ ആക്രമണങ്ങള്‍ക്ക് ടെല്‍ അവീവിലേക്ക് അടക്കം ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചാണ് ഇറാന്‍ ശക്തമായ മറുപടി നല്‍കിയത്. ഇസ്രയേലിന്‍റെ ശക്തമായ വ്യോമ പ്രതിരോധനം ഭേദിക്കാന്‍ ഇറാനിനായി. ഇതിന് പിന്നാലെ ലോകത്തെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക സംഭരണിയിലും, എണ്ണപ്പാടങ്ങളിലും വ്യോമാക്രമണം ഇസ്രയേല്‍ സൈന്യം അഴിച്ചുവിട്ടു. ഇരു രാജ്യങ്ങളിലും ആള്‍നാശം വിതച്ച ആക്രമണ-പ്രത്യാക്രമണങ്ങള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി തുടരുകയാണ്.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News