പാകിസ്ഥാന്റെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് രണ്ട് പ്രമുഖ ഇറാനിയൻ നേതാക്കളെ വധിക്കാനുള്ളവരുടെ പട്ടികയിൽ നിന്ന് ഇസ്രായേൽ ഒഴിവാക്കിയതായി റിപ്പോർട്ട്. മേഖലയിൽ യുദ്ധം ഒഴിവാക്കാനും സമാധാന ചർച്ചകൾ സുഗമമാക്കാനുമാണ് പാകിസ്ഥാൻ ഈ നയതന്ത്ര ഇടപെടൽ നടത്തിയതെന്നാണ് പാക് സ്രോതസുകളെ അടിസ്ഥാനമാക്കി പുറത്തുവരുന്ന വിവരം
ദില്ലി: പാകിസ്ഥാന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് എന്നിവരെ കൊലപ്പെടുത്താനുള്ളവരുടെ പട്ടികയിൽ നിന്ന് ഇസ്രായേൽ ഒഴിവാക്കിയതായി റിപ്പോർട്ട്. ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ നയതന്ത്ര ഇടപെടൽ നടത്തിയത്. ഇറാന്റെ ഉന്നത നേതാക്കൾക്കെതിരെയുള്ള ആക്രമണം മേഖലയിൽ നിയന്ത്രണാതീതമായ യുദ്ധത്തിന് കാരണമാകുമെന്ന് പാകിസ്ഥാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിലെ മിതവാദികളായ നേതാക്കളെ ലക്ഷ്യമിടുന്നത് സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ മധ്യസ്ഥത വഹിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. പാക് വൃത്തങ്ങളെ ഉദ്ധരിച്ചുള്ളതാണ് റിപ്പോർട്ട്. ഇസ്രയേൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ അമേരിക്കയുമായി സമാധാന ചർച്ചകൾക്ക് ഇറാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ അരാഗ്‌ചിയെയും ഖാലിബാഫിനെയും പോലുള്ള നേതാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഇസ്രായേലിനെ ബോധ്യപ്പെടുത്താൻ പാകിസ്ഥാന് കഴിഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായതെന്നാണ് സൂചന.
അതേസമയം, ഇറാന്റെ പരമോന്നത നേതാവ് മൊജ്‌തബ ഖമനെയി ഇപ്പോഴും ഇസ്രായേലിന്റെ ലക്ഷ്യപ്പട്ടികയിൽ തുടരുന്നുണ്ടെന്നാണ് വിവരം. ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്കും തന്ത്രപ്രധാന മേഖലകൾക്കും നേരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ സമാധാനത്തിനായി പാകിസ്ഥാൻ നടത്തുന്ന ഈ ഇടപെടലുകൾ പശ്ചിമേഷ്യയിലെ നയതന്ത്ര നീക്കങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.


