ഫോർദോ പോലുള്ള ആണവ നിലയങ്ങളെ തകർക്കാൻ അമേരിക്കയുടെ ജിബിയു 57 ആണ് ഇസ്രയേൽ ആഗ്രഹിക്കുന്നത്. 

ടെൽ അവിവ്: ഇസ്രയേൽ - ഇറാൻ സംഘർഷം കടുക്കുമ്പോൾ ഏറ്റവും ചർച്ചയാകുന്നത് ഇരുഭാഗത്തെയും ആയുധ ശേഷിയാണ്. ഭൂമിക്കടിയിലെ ഇറാന്‍റെ ആണവ നിലയങ്ങളെ തകർക്കാൻ ഇസ്രയേൽ തേടുന്നത് ബങ്കർ ബസ്റ്റർ എന്ന ബോംബുകളാണ്. അമേരിക്ക യുദ്ധത്തിന് ഇറങ്ങണമെന്ന് ഇസ്രയേൽ ആഗ്രഹിക്കുന്നതിനും കാരണം അതാണ്.

എന്താണ് ബങ്കർ ബസ്റ്റർ?

മണ്ണിനടിയിലെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക ആയുധമാണ് ബങ്കർ ബസ്റ്റർ. ഇറാനിലെ ഫോർദോ പോലുള്ള ആണവ നിലയങ്ങളെയും ആയുധ സംഭരണ ശാലകളെയും തകർക്കാനാണ് ഇസ്രയേൽ ബങ്കർ ബസ്റ്റർ ആവശ്യപ്പെടുന്നത്. ആണവ പരീക്ഷണങ്ങൾക്കായി ഇറാൻ വൻതോതിൽ യുറേനിയം സംഭരിച്ചിട്ടുള്ളത് ഫോർദോ ആണവ നിലയത്തിലാണെന്നാണ് വിലയിരുത്തൽ.

ഭൌമോപരിതലത്തിൽ നിന്ന് ഏകദേശം 300 അടി താഴ്ചയിലാണ് ഫോർദോ ആണവ നിലയം. അമേരിക്കയുടെ കൈവശമുള്ള ജിബിയു 57 എന്ന മാസീവ് ഓർഡൻസ് പെനിട്രേറ്റർ (എംഒപി) ആണ് ഫോർദോ തകർക്കാൻ ഇസ്രയേൽ തേടുന്ന ആയുധം. 20 അടി നീളവും 13,600 കിലോ ഭാരവുമുള്ള മോപ്പിൽ 2700 കിലോ പേലോഡുണ്ട്. ഭൂമിക്കടിയിലുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി എത്താൻ കഴിയുന്ന ആയുധമാണിത്. ബി2 സ്റ്റെൽത്ത് ബോംബർ വിമാനത്തിനേ ഈ ബോംബ് വഹിച്ച് പറക്കാനാവൂ.

നിലവിൽ ഇസ്രയേലിന്‍റെ പക്കൽ അത്തരം ആയുധങ്ങളോ യുദ്ധ വിമാനങ്ങളോ ഇല്ല. എഫ്-15 പോലുള്ള യുദ്ധവിമാനങ്ങളിൽ നിന്ന് തൊടുക്കുന്ന ജിബിയു 28, ബിഎൽയു 109 എന്നിവയുൾപ്പെടെയുള്ള യുഎസ് നിർമ്മിത ബങ്കർ ബസ്റ്ററുകൾ ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്. ഈ ആയുധങ്ങൾക്ക് ഭൂമിക്കടിയിലേക്ക് ആഴത്തിൽ പോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഫോർദോ പോലുള്ള ആണവ നിലയങ്ങൾ ലക്ഷ്യം വെയ്ക്കാൻ നിലവിൽ ഇസ്രയേലിന് കഴിയുന്നില്ല. അതുകൊണ്ടാണ് അമേരിക്ക യുദ്ധത്തിൽ ഇടപെടണമെന്ന് ഇസ്രയേൽ ആഗ്രഹിക്കുന്നത്.