നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമം നികത്താൻ ഇസ്രയേലി ബിൽഡേഴ്‌സ് അസോസിയേഷൻ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയതായും റിപ്പോർട്ടുകൾ വന്നു.

ടെൽ അവീവ്: ഇസ്രയേലിൽ ജോലി ചെയ്തിരുന്ന പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യയിൽ നിന്ന് ജോലിക്കാരെ എത്തിക്കാൻ ഇസ്രയേൽ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ഒരുലക്ഷത്തോളം വിദ​ഗ്ധ തൊഴിലാളികളെ വേണമെന്നാണ് ഇസ്രയേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ ഏഴിന് പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് പിന്നാലെ ഇസ്രയേലിൽ ജോലി ചെയ്തിരുന്ന പലസ്തീൻ പൗരന്മാരുടെ ജോലി പെർമിറ്റ് റദ്ദാക്കി പലസ്തീനിലേക്ക് തിരിച്ചയച്ചിരുന്നു. പതിനായിരക്കണക്കിന് പലസ്തീനികളാണ് അതിർത്തി കടന്ന് പലസ്തീനിലെത്തിയത്. 

പലസ്തീൻ തൊഴിലാളികൾ പോയതോടെ ഇസ്രയേലിലെ പല മേഖലകളും പ്രതിസന്ധിലിയായെന്നും ഇന്ത്യയിൽ നിന്ന് 100,000 തൊഴിലാളികളെ ഉടനടി നൽകാൻ ഇസ്രായേൽ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗളാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് നിർമാണ, നഴ്‌സിംഗ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു. 

നിർമാണ മേഖലയിലെ തൊഴിലാളി ക്ഷാമം നികത്താൻ ഇസ്രയേലി ബിൽഡേഴ്‌സ് അസോസിയേഷൻ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയതായും റിപ്പോർട്ടുകൾ വന്നു. ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിന് പിന്നാലെ 90,000 പലസ്തീനികളുടെ ജോലി ചെയ്യാനുള്ള അനുമതിയാണ് ഇസ്രയേൽ റദ്ദാക്കിയത്. തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള ചർച്ച പുരോ​ഗമിക്കുകയാണ്. ഇസ്രയേൽ സർക്കാരിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് 50,000 മുതൽ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നുവെന്നും ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയഷന്‍ വൈസ് പ്രസിഡന്‍റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.

Scroll to load tweet…
ഒക്ടോബർ ഏഴിന് സംഘർഷം ആരംഭിച്ചപ്പോൾ 18000ലധികം ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്തിരുന്നു. എന്നാല്‍, സംഘര്‍ഷത്തെ തുടര്‍ന്ന് ആയിരത്തോളം പേര്‍ തിരിച്ചെത്തി. ഓപ്പറേഷന്‍ അജയിലൂടെയാണ് ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത്. എന്നാല്‍ ഭൂരിപക്ഷവും ഇസ്രയേലില്‍ തുടര്‍ന്നു. ഇസ്രയേലിന്റെ ആവശ്യം ഇന്ത്യൻ സർക്കാർ അംഗീകരിക്കുമോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.