ഇസ്താംബുള്‍: തുർക്കിയിലെ ഇസ്താംബുളിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വീണ്ടും തിരിച്ചടി. പ്രസിഡന്റ് എർദോഗന്റെ പാര്‍ട്ടി വീണ്ടും തോല്‍വി ഏറ്റ് വാങ്ങി. 90 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ പ്രതിപക്ഷ സ്ഥാനാർത്ഥി എക്രെം ഇമാമോഗ്ലുവിനാണ് 53 ശതമാനം വോട്ട് ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ നടന്ന ആദ്യറൗണ്ടിലും എർദോഗന്റെ എകെ പാര്‍ട്ടിയെ എക്രെം പരാജയപ്പെടുത്തിയിരുന്നു. 

തുര്‍ക്കി പ്രസിഡന്റ് എർദോഗന്റെ എകെ പാർട്ടി അട്ടിമറിയാരോപണം ഉന്നയിച്ചതോടെയാണ് രണ്ടാം റൗണ്ട് നടത്താൻ തീരുമാനിച്ചത്. മുൻ പ്രധാനമന്ത്രികൂടിയായ ബിനാലി യിദ്രിമായിരുന്നു എതിർസ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിനാലി യിദ്രിം വിജയിക്ക് ആശംസകള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എക്രെം ഇമാമോഗ്ലുവിന് ആശംസകള്‍ നേര്‍ന്നത്.