ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. ടെറ ഡ്രോൺ ഇന്തോനേഷ്യ എന്ന സ്ഥാപനത്തിൻ്റെ ഓഫീസിൽ ഉച്ചഭക്ഷണ സമയത്താണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട് രക്ഷാപ്രവർത്തനം തുടരുന്നു

ജക്കാർത്ത: ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലാണ് സംഭവം. സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവസമയത്ത് നിരവധി പേർ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീടിത് മുകൾ നിലയിലേക്ക് വ്യാപിച്ചു. കെട്ടിടത്തിന് അകത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. അതേസമയം ഉച്ചഭക്ഷണം കഴിക്കാൻ കെട്ടിടത്തിൽ നിന്ന് പുറത്തുപോയ മറ്റ് ജീവനക്കാർ പലരും രക്ഷപ്പെട്ടു.

ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മുകൾ നിലകളിൽ കുടുങ്ങിയവരെ താഴെയെത്തിക്കാനും തീയണക്കാനുമാണ് ശ്രമം. ടെറ ഡ്രോൺ ഇന്തോനേഷ്യ എന്ന സ്ഥാപനത്തിൻ്റെ ഓഫീസ് കെട്ടിടത്തിനാണ് തീപിടിച്ചത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോർട്ടബിൾ ലാഡർ ഉപയോഗിച്ച് ജീവനക്കാർ രക്ഷപെടാൻ ശ്രമിക്കുന്നതിൻ്റെയടക്കം വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Scroll to load tweet…