പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്സ്റ്റീൻ. ഇയാൾക്ക് ട്രംപ് അടക്കം ഉന്നതരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഫയലുകൾ മറച്ചുവയ്ക്കാൻ ട്രംപ് ശ്രമിച്ചെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം

ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബില്ലിന് യു എസ് ജനപ്രതിനിധി സഭയിൽ അംഗീകാരം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്സ്റ്റീൻ. ഇയാൾക്ക് ട്രംപ് അടക്കം ഉന്നതരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഫയലുകൾ മറച്ചുവയ്ക്കാൻ ട്രംപ് ശ്രമിച്ചെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അതേ സമയം, എപ്സ്റ്റീൻ കേസിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നാണ് ട്രംപിന്‍റെ നിലപാട്.

അമേരിക്കയിലെ ശത കോടീശ്വരന്മാർക്കായി വിരുന്നുകൾ സംഘടിപ്പിച്ചിരുന്ന വിവാദ വ്യവസായിയായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിനും ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചതിനും തടവിലടയ്ക്കപ്പെട്ട പ്രതിയായ ഇയാൾ 14 വയസ്സുള്ള പെൺകുട്ടികളെ വരെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. 2019 ജൂലൈ 24 ന്, എപ്‌സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻപ് ജെഫ്രി എപ്‌സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് ട്രംപ്-എപ്‌സ്റ്റീൻ ബന്ധം ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും കേസിന്‍റെ ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തത്. ഫയലുകൾ പുറത്തെത്താതിരിക്കാൻ ട്രംപ് ശ്രമിച്ചെന്ന് ആരോപണമുയർന്നു.

എന്നാൽ, ഒടുവിൽ ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് ട്രംപ് തന്നെ ആഹ്വാനം ചെയ്യുകയായിരുന്നു. മറച്ചുവയ്ക്കാനൊന്നുമില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണമെന്നുമാണ് ട്രംപിന്‍റെ നിലപാട്. ജെഫ്രി എപ്സ്റ്റീൻ കേസിന്‍റെ എല്ലാ രേഖകളും പുറത്തുവിടാൻ ആവശ്യപ്പെട്ടുള്ള ബില്ല് ഒന്നിനെതിരെ 427 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിനാണ് പാസായത്.ഫയലുകൾ പുറത്തുവരാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമമായി ഒപ്പുവയ്ക്കണം. തന്‍റെ പേര് പരാമർശിച്ചുകൊണ്ട് എപ്സ്റ്റീൻ കൂട്ടുപ്രതിക്ക് അയച്ച മെയിലുകളാണ് ട്രംപിന് കുരുക്കാകുന്നത്. എപ്സ്റ്റീന് അമേരിക്കയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നത് സ്ഥിരീകരിക്കാൻ കേസിന്‍റെ ഫയലുകൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണം. 

YouTube video player