തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ പ്രസംഗം എഡിറ്റ് ചെയ്തതിന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ബിബിസി മാപ്പ് പറഞ്ഞു. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്‍റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി.

ലണ്ടൻ: തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത പ്രസംഗം ഉൾപ്പെടുത്തിയതിന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് മാപ്പ് പറഞ്ഞ് ബിബിസി. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്‍റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തതിന്‍റെ പേരിൽ കോർപ്പറേഷൻ ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയിൽ അറിയിച്ചു.

"ഞങ്ങൾ പ്രസംഗത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ കാണിക്കുന്നതിനു പകരം, പ്രസംഗത്തിന്‍റെ ഒറ്റ തുടർച്ചയായ ഭാഗമാണ് കാണിക്കുന്നത് എന്ന പ്രതീതി എഡിറ്റിംഗ് വഴഇ സൃഷ്ടിച്ചു എന്ന് ഞങ്ങൾ സമ്മതിക്കുന്നു. ഇത് പ്രസിഡന്‍റ് ട്രംപ് നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്തു എന്ന തെറ്റായ ധാരണ നൽകി," ബിബിസി തങ്ങളുടെ തിരുത്തൽ പ്രസ്താവനയിൽ പറഞ്ഞു. ഡോക്യുമെന്‍ററി ഒരു പ്ലാറ്റ്‌ഫോമിലും വീണ്ടും സംപ്രേക്ഷണം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നും ബിബിസി കൂട്ടിച്ചേർത്തു. വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത രീതിയിൽ ബിബിസിക്ക് ആത്മാർത്ഥമായി ഖേദമുണ്ടെങ്കിലും, അപകീർത്തി കേസിന് അടിസ്ഥാനമുണ്ടെന്ന വാദത്തോട് ഞങ്ങൾ ശക്തമായി വിയോജിക്കുന്നു എന്നും കോർപ്പറേഷൻ വ്യക്തമാക്കി.

ട്രംപ് ഇതുവരെ കേസ് കൊടുത്തിട്ടില്ല

ബിബിസിക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ നിയമോപദേശകർ വ്യാഴാഴ്ച അറിയിച്ചു. നേരത്തെ വൈറ്റ് ഹൗസ് ഉന്നയിച്ച വാദത്തെ തള്ളിക്കൊണ്ടാണ് അഭിഭാഷകർ ഇക്കാര്യം അറിയിച്ചത്. 2021ൽ തന്‍റെ അനുയായികൾ കാപ്പിറ്റോളിൽ അതിക്രമിച്ചു കയറിയ ദിവസം ട്രംപ് നടത്തിയ പ്രസംഗം ബിബിസി എഡിറ്റ് ചെയ്തതിനെതിരെ ഇതുവരെ കേസ് നൽകിയിട്ടില്ലെന്ന് ട്രംപിന്‍റെ അഭിഭാഷകർ വ്യക്തമാക്കി. ഒരു ക്ഷമാപണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് നിയമനടപടിക്ക് ഭീഷണിപ്പെടുത്തി ട്രംപ് ഞായറാഴ്ച ബിബിസിക്ക് കത്തയച്ചതിന് പിന്നാലെയാണ് അഭിഭാഷകരുടെ ഈ പ്രസ്താവന വന്നത്.

ട്രംപിന്‍റെ പുറത്തുള്ള നിയമോപദേശകർ ഇതിനകം കേസ് ഫയൽ ചെയ്തു എന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ സ്ഥിരീകരണം തേടിയുള്ള ചോദ്യങ്ങൾക്ക് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. ബിബിസിക്ക് കത്തിന് മറുപടി നൽകാൻ നവംബർ 14, വെള്ളിയാഴ്ച വരെ സമയം നൽകിയിട്ടുണ്ട് എന്നും ട്രംപിന്‍റെ നിയമസംഘത്തിന്‍റെ വക്താവ് പറഞ്ഞിരുന്നു.