ബെർലിൻ: ജര്‍മനിയിലെ ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് മ്യൂസിയത്തില്‍ വൻകവർച്ച. 18-ാം നൂറ്റാണ്ടിലെ മൂന്ന് സെറ്റ് വജ്രാഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിൽനിന്ന് (ഗ്രീന്‍ വോള്‍ട്ട് കൊട്ടാരം) സുരക്ഷാവലയം തകർത്ത് അതിവിദ​ഗ്ധമായാണ് മോഷ്ടാക്കൾ കവർച്ച നടത്തിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള 'ഏറ്റവും വലിയ കവര്‍ച്ച' എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത‌െന്ന് അന്തർ‌ദേശീയ മാധ്യമമായ 'ദി ​ഗാർഡിയൻ' റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കവർച്ച നടന്നത്. കവർച്ച നടത്തുന്നതിന് മുമ്പ് മ്യൂസിയത്തിനും സമീപ പ്രദേശങ്ങളിലെയും വൈദ്യുതി വിച്ഛേദിച്ചിരുന്നു. വൈദ്യുതി ട്രാൻസ്ഫോമറിന് തീയിട്ടായിരുന്നു വൈദ്യുതിവിതരണം മുടക്കിയത്. ഇതിനെ തുടര്‍ന്ന് മ്യൂസിയത്തിലെയടക്കം അലാറം പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാൽ, വൈദ്യുതി ഇല്ലാതിരുന്നിട്ടും മ്യൂസിയത്തിനുള്ളിലേക്ക് കടക്കുന്ന രണ്ട് മോഷ്ടാക്കളുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ജാലകങ്ങൾ‌ തകർത്ത് ഇരുമ്പഴികൾ വാളുപയോ​ഗിച്ച് മുറിച്ചാണ് മോഷ്ടാക്കൾ മ്യൂസിയത്തിനുള്ളിൽ പ്രവേശിച്ചതെന്ന് ഡ്രിസ്ഡിൻ പൊലീസ് മേധാവി പറഞ്ഞു.

പുലർച്ചെ അഞ്ച് മണിയോടെയാണ് കവർച്ച നടന്നതായി മ്യൂസിയം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോഴേക്കും കവർച്ചാസംഘം മ്യൂസിയം വിട്ട് പുറത്ത് കടന്നിരുന്നു. അതിനിടെ, ​ഗതാ​ഗ​ഗക്കുരുക്ക് സൃഷ്ടിക്കുന്നതിനായി കവർച്ചാസംഘം വഴിയരികിൽ ഒരു കാറ് കത്തിച്ച് ഉപേക്ഷിച്ചിരുന്നു. ഇതാണ് അതിവേ​ഗത്തിലർ ന​ഗരംവിട്ട് പോകാൻ മോഷ്ടാക്കളെ സഹായിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

മ്യൂസിയത്തിൽ നിന്ന് മോഷണം പോയ വജ്രാഭരണങ്ങളുൾ ഉൾപ്പടെയുള്ളവയുടെ മൂല്യം കണക്കാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ ഒന്നായി വില്‍ക്കാന്‍ സാധിക്കില്ലെന്നും മ്യൂസിയം ഡയറക്ടർ മാരിയോൺ അക്കർമാൻ പറഞ്ഞു. എന്നാൽ‌, ഏകദേശം ഒരു ബില്യണ്‍ യൂറോ(ഏകദേശം 78,78,10,00,000 രൂപ) ആണ് മോഷ്ടിക്കപ്പെട്ട ആഭരണങ്ങൽ വില കണക്കാക്കുന്നതെന്ന് ജർമൻ പത്രമായ 'ബിൽഡ്' റിപ്പോർ‌ട്ട് ചെയ്തു. സ്വർണ്ണം, വെള്ളി, വജ്രം,  വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ തുടങ്ങിയ 4000ത്തോളം വസ്തുശേഖരം മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.