Asianet News MalayalamAsianet News Malayalam

Hong Kong's John Lee : ഹോങ്കോങ് ഭരണത്തലവനായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ലീ ആരാണ്?

അറുപത്തിനാലുകാരനായ  ലീയെ തലവനായി നിയമിക്കാൻ തീരുമാനമെടുത്തത് ചൈനയുടെ വിശ്വസ്തർക്ക് ഭൂരിപക്ഷമുള്ള  തെര‍ഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ജോൺ ലീക്ക് എതിരാളികളില്ലായിരുന്നു ഈ തെരഞ്ഞെടുപ്പിൽ. എന്നാല്‍, ജനസമ്മതി കുറവാണെന്ന് അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ വ്യക്തമായിരുന്നു

John Lee elected as Hong Kongs new leader
Author
Hong Kong, First Published May 8, 2022, 5:32 PM IST

പ്രതീക്ഷിച്ചത് പോലെ ഹോങ്കോങ് ഭരണത്തലവനായി ജോൺ ലീ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അറുപത്തിനാലുകാരനായ  ലീയെ തലവനായി നിയമിക്കാൻ തീരുമാനമെടുത്തത് ചൈനയുടെ വിശ്വസ്തർക്ക് ഭൂരിപക്ഷമുള്ള  തെര‍ഞ്ഞെടുപ്പ് കമ്മിറ്റിയാണ്. ജോൺ ലീക്ക് എതിരാളികളില്ലായിരുന്നു ഈ തെരഞ്ഞെടുപ്പിൽ. എന്നാല്‍, ജനസമ്മതി കുറവാണെന്ന് അടുത്തിടെ നടന്ന അഭിപ്രായ സർവേയിൽ വ്യക്തമായിരുന്നു, 34.8 ശതമാനം മാത്രമായിരുന്നു പിന്തുണ. പക്ഷേ അതൊന്നും ഹോങ്കോങിൽ വിഷയമല്ല. പൊതുജനങ്ങളല്ല നേതാവിനെ തെരഞ്ഞെടുക്കുന്നത് എന്നത് തന്നെ കാരണം. ജൂലൈ ഒന്നിനാണ് ലീ ചുമതലയേൽക്കുക.

ആരാണ് ലീ?

1957ൽ ബ്രിട്ടീഷ് നിയന്ത്രണത്തിലിരുന്ന ഹോങ്കോങ്ങിൽ ജനനം. 1977ൽ ഇരുപതാം വയസ്സിൽ പൊലീസിൽ ചേർന്നു. പിന്നീട്  പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ മുതൽ സുരക്ഷാ സെക്രട്ടറി വരെയായി. കഴിഞ്ഞ വർഷം ഭരണകാര്യ ചീഫ് സെക്രട്ടറി ആയി നിയമിതയായി. എന്നും ചൈനീസ് നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ലീയുടേത്. 2019ൽ ഹോങ്കോങ്ങിൽ ഉയർന്നുവന്ന ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്തിയതിൽ മുഖ്യ പങ്കുണ്ട് ലീയ്ക്ക്.

John Lee elected as Hong Kongs new leader

ജല പീരങ്കിയും കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ച് പ്രതിഷേധക്കാരെ പൊലീസ് തുരത്തിയത് ലീയുടെ മേൽനോട്ടത്തിലാണ്. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന  കുറ്റവാളി കൈമാറ്റ നിയമഭേദഗതി ബില്ലിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ലീയുടേത്. പത്രസമ്മേളനങ്ങളിലടക്കം ബില്ലിന് വേണ്ടി വാദിക്കാനെത്തിയ പ്രമുഖനായിരുന്ന ലീ. ജനാധിപത്യ അവകാശങ്ങൾക്കായി പ്രതിഷേധിച്ചവർ അക്രമം അഴിച്ചുവിടുകയാണെന്നും ഇത് ഭീകരവാദത്തിന് തുല്യമാണെന്നുമായിരുന്നു ലീയുടെ നിലപാട്. ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന ജോൺ ലീക്കെതിരെ വൈകാതെ അമേരിക്ക ഉപരോധവും പ്രഖ്യാപിച്ചു.

ലീയുടെ അക്കൗണ്ട് യൂട്യൂബ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാൽ, തന്‍റെ ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു എന്നും ലീയുടെ ന്യായം. ചൈനയുടെ നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കുന്ന ലീയ്ക്ക് വൈകാതെ പുതിയ ചുമതല കിട്ടി. ഹോങ്കോങ് ജനാധിപത്യവാദികൾക്കൊപ്പം അന്താരാഷ്ട്ര സമൂഹവും വിവിധ മനുഷ്യാവകാശ സംഘടനകളും ശക്തമായി എതിർത്ത, ഹോങ്കോങ് ദേശീയ സുരക്ഷാനിയമം ചൈന പാസ്സാക്കിയത് 2020 ജൂണിലാണ്. പിന്നാലെ ദേശീയ സുരക്ഷാകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച സമിതി അംഗമായി ലീ. ഹോങ്കോങ്ങിന്‍റെ സ്വാതന്ത്യം എന്ന ആശയത്തെ ശക്തമായി എതിർക്കുമെന്നായിരുന്നു അന്ന് ലീയുടെ പ്രഖ്യാപനം.ഹോങ്കോങ്ങിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അർഹരായ 'ദേശസ്നേഹികളെ' നിശ്ചയിക്കാനുള്ള സമിതി അംഗവുമായിരുന്നു ലീ.

John Lee elected as Hong Kongs new leader

ലീ വരുന്പോൾ ജനാധിപത്യവാദികൾ ഭയക്കുന്നത്...

പോകിമോൻ കാർട്ടൂൺ സീരീസിലെ പികാച്ചുവിനോടാണ് വിമർശകർ ലീയെ ഉപമിക്കുന്നത്. ഒരു വളർത്തുമൃഗം കണക്കെ ചൈനയുടെ വിശ്വസ്തനാണ് ലീയെന്നാണ് പരിഹാസം. ചൈനീസ് നയങ്ങൾ അടിച്ചേൽപ്പിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിൽ നിന്ന് തന്നെ വ്യക്തം.ഹോങ്കോങ്ങിനായി പുതിയ അധ്യായം തുറക്കാനുള്ള ചരിത്രപരമായ ദൗത്യത്തിലാണെന്നാണ് പ്രഖ്യാപനം. ചൈനയെയും ലോകത്തെയും ബന്ധിപ്പിക്കുന്ന വാണിജ്യ കേന്ദ്രമായി കൂടുതൽ ശക്തമായി നിലകൊള്ളുമെന്നും ലീ പറഞ്ഞുവച്ചു.

പ്രതിഷേധങ്ങളെയും ഭിന്നസ്വരങ്ങളെയും അനുവദിക്കില്ലെന്ന് മാത്രമല്ല, ശക്തമായ നടപടികളെടുക്കുമെന്നതിന് ഇതുവരെയുള്ള ലീയുടെ പ്രവർത്തനങ്ങൾ തെളിവ്. മാധ്യമസ്വാതന്ത്യം എന്ന വാക്ക് അന്യംനിൽക്കുന്ന സ്ഥിതിയാണ് ഹോങ്കോങ്ങിൽ. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ കടന്നുപോയിട്ടുള്ള, ജനാധിപത്യവാദത്തിന് വേരോട്ടമുള്ള ഹോങ്കോങ്ങിൽ ലീയെ തെരഞ്ഞെടുക്കുന്ന വേദിക്ക് പുറത്ത് പ്രതിഷേധിക്കാനെത്തിയത് മൂന്ന് പേർ മാത്രമാണ്. ജനത്തിന്‍റെ ഭയത്തിന്‍റെ ആഴം ഇതിൽ നിന്ന് വ്യക്തം. ഒരിക്കൽ പൂർണ സ്വാതന്ത്ര്യം അനുവദിക്കുമെന്ന ചൈനയുടെ വാക്ക് ഇനിയൊരിക്കലും പാലിക്കപ്പെടില്ലെന്ന് ഹോങ്കോങ്ങുകാർക്ക് ഇപ്പോൾ നന്നായറിയാം. 
 

Follow Us:
Download App:
  • android
  • ios