യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കീവ്: യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെരാ ഗിരിച്ച് വ്യാഴാഴ്ച കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

നെക്സ്റ്റയുടെ റിപ്പോർട്ട് പ്രകാരം കീവിലെ ഏറ്റവും പുതിയ ഷെല്ലാക്രമണത്തിൽ വെരാ ഗിരിച്ചിന് ജീവൻ നഷ്ടപ്പെട്ടതായി, ഗിരിച്ചിന്റെ സഹപ്രവർത്തകൻ അലക്സാണ്ടർ ഡെംചെങ്കോ സ്ഥിരീകരിച്ചതായി പറയുന്നു. റഷ്യൻ സൈന്യം ആക്രമിച്ച കെട്ടിടത്തിലാണ് ഗിരിച്ച് താമസിച്ചിരുന്നത്. പിറ്റേന്ന് രാവിലെ രക്ഷാപ്രവർത്തകർ അവളെ കണ്ടെത്തുന്നതുവരെ അവളുടെ ശരീരം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.

ഗിരിച്ചിനെ കുറിച്ച് സഹപ്രവർത്തകൻ അലെക്‌സാണ്ടർ ഡെംചെങ്കോ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ടിരുന്നു, 'ഒരു റഷ്യൻ മിസൈൽ അവളുടെ വീട്ടിൽ പതിച്ചു, വെറ രാത്രി മുഴുവൻ അവിടെ കിടന്നു. രാവിലെയാണ് അവളെ കണ്ടെത്തിയത്. എനിക്ക് ഭ്രാന്തില്ല, പക്ഷെ കരയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഇത് ദിവസവും ആവർത്തിക്കപ്പെടുന്ന കാര്യമായി മാറിയിരിക്കുന്നു. എത്ര അത്ഭുതകരമായ ഒരു വ്യക്തിയാണ് പോയതെന്ന് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല'- എന്നായിരുന്നു ചെംചെങ്കോ കുറിച്ചത്.

Scroll to load tweet…

യുക്രെയ്നിലെ യുദ്ധത്തിൽ നിരവധി മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. മാസമാദ്യം ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി നിർമ്മാതാവുമായ മാക്‌സ് ലെവിനെ കീവിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.