ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന ട്രക്ക് സദഫ് നയീമിനെ ഇടിക്കുകയായിരുന്നെന്നും അതല്ല, സദഫ് നയീം, കണ്ടെയ്നറിയില്‍ വച്ച് ഇമ്രാന്‍ ഖാനെ അഭിമുഖം നടത്തുമ്പോള്‍ കണ്ടെയ്നറില്‍ നിന്നും താഴെ വീഴുകയും പിന്നാലെ കണ്ടെയ്നറിന്‍റെ ടയറുകള്‍ക്ക് അടിയില്‍പ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 


ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ ലോംഗ് മാര്‍ച്ചിനിടെ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് മാധ്യമ പ്രവര്‍ത്തക മരിച്ചു. ഇമ്രാന്‍ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറില്‍ നിന്ന് താഴെ വീണാണ് ചാനല്‍ 5 വിന്‍റെ റിപ്പോര്‍ട്ടര്‍ സദഫ് നയീം മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സദഫ് നയീമിന്‍റെ മരണത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ലോംഗ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചു. സദഫ് നയീമിന്‍റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ ഇമ്രാന്‍ ഖാന്‍ പരേതയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുമെന്നും പറഞ്ഞു. ലോംഗ് മാർച്ച്, നാലാം ദിവസമായ ഇന്ന് കാമോകെയിൽ നിന്ന് ആരംഭിക്കും. നേരത്തെ, മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഗുജ്‌റൻവാലയിലെത്താനാണ് പദ്ധതിയിട്ടിരുന്നത്.

സദഫ് നയീമിന്‍റെ മരണത്തില്‍ ദുരൂതഹ തുടരുകയാണ്. ഇമ്രാന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന ട്രക്ക് സദഫ് നയീമിനെ ഇടിക്കുകയായിരുന്നെന്നും അതല്ല, സദഫ് നയീം, കണ്ടെയ്നറിയില്‍ വച്ച് ഇമ്രാന്‍ ഖാനെ അഭിമുഖം നടത്തുമ്പോള്‍ കണ്ടെയ്നറില്‍ നിന്നും താഴെ വീഴുകയും പിന്നാലെ കണ്ടെയ്നറിന്‍റെ ടയറുകള്‍ക്ക് അടിയില്‍പ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖാൻ സഞ്ചരിച്ച കണ്ടെയ്‌നര്‍ സദഫിനെ ഇടിക്കുകയായിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

മാധ്യമപ്രവർത്തകയുടെ മരണത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു. വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ്, സദഫിന്‍റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ഖാൻ ഉപയോഗിച്ചിരുന്ന കണ്ടെയ്‌നർ ട്രക്ക് എങ്ങനെയാണ് റിപ്പോർട്ടറെ ഇടിച്ചുതെറിപ്പിച്ചതെന്ന് ചോദ്യം ചെയ്തു. സദഫറിനെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും അവര്‍ പറഞ്ഞു. "എനിക്ക് അവളെ വ്യക്തിപരമായി അറിയാം. അവൾ കഠിനാധ്വാനിയായ ഒരു പത്രപ്രവർത്തകയായിരുന്നു, ഇമ്രാൻ ഖാനെ അഭിമുഖം നടത്താൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു, ഇത് ഞെട്ടിപ്പിക്കുന്നതാണ്," അവർ പറഞ്ഞു.

ഇതിനിടെ സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്‍ ലോംഗ് മാര്‍ച്ച് മാറ്റിവച്ചതെന്ന ആരോപണമുയര്‍ന്നു. എന്നാല്‍, സര്‍ക്കാറുമായി ചര്‍ച്ചയില്ലെന്നും നിശ്ചയിച്ച പ്രകാരം ലോംഗ് മാര്‍ച്ച് മുന്നോട്ട് പോകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാന്‍ ഖാന്‍റെ തെഹ്‍രിക്-ഇ-ഇന്‍സാഫ് പാര്‍ട്ടി കഴിഞ്ഞ വെള്ളിയാഴ്ച ലോഹോറില്‍ നിന്ന് ഹഖിഖി ആസാദി മാര്‍ച്ച് ആരംഭിച്ചത്. ശനിയാഴ്ച മാര്‍ച്ചില്‍ പങ്കെടുക്കാതെ ഇമ്രാന്‍ ഖാന്‍ ലാഹോറിലേക്ക് മടങ്ങിയതാണ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടന്നെന്ന് അഭ്യൂഹം ഉയര്‍ത്തിയത്. 


കൂടുതല്‍ വായനയ്ക്ക്: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ കെനിയയില്‍ വെടിയേറ്റ് മരിച്ചു