വിമാനം ലാൻഡ് ചെയ്ത ഉടനെ പൊലീസ് ഉദ്യോഗസ്ഥർ വിമാനത്തിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
ന്യൂയോർക്ക്: പറന്നുയർന്ന് അര മണിക്കൂറിന് ശേഷം വിമാനത്തിനകത്ത് യാത്രക്കാരൻ അക്രമാസക്തനായതിനെ തുടർന്ന് പുറപ്പെട്ട അതേ വിമാനത്താവളത്തിൽ അടിയന്തിരമായി തിരിച്ചിറക്കി. 24കാരനായ യുവാവ് എയർ ഹോസ്റ്റസിനെ കടന്നുപിടിക്കുകയും വിമാനത്തിന്റെ ഒരുവശത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. അമേരിക്കയിലെ കണറ്റികട്ടി ബ്രാഡ്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവങ്ങൾ.
വിമാനം പറന്നുപൊങ്ങി ഏതാണ്ട് 30 മിനിറ്റ് കഴിഞ്ഞപ്പോഴാണ് യാത്രക്കാരനായ ജൂലിയസ് ജോർദൻ പ്രീസ്റ്റർ എന്നയാൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ഷർട്ട് ഊരിയ ശേഷം ബഹളം വെച്ചത്. പിന്നീട് ഇയാൾ വിമാനത്തിന്റെ പിന്നിലേക്ക് ഓടി. സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു എയർ ഹോസ്റ്റലിനോട് ആക്രോശിക്കുകയും അവരെ ബലമായി പിടിച്ചുവലിച്ച് പിന്നിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇതോടെ മറ്റ് യാത്രക്കാർ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തി.
തുടർന്നും വിമാനത്തിൽ ഇയാൾ പ്രശ്നങ്ങളുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ അടിയന്തിര സാഹചര്യമാണെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ച് വിമാനം തിരിച്ച് പറത്തി. പുറപ്പെട്ട അതേ വിമാനത്താവളത്തിൽ തന്നെ ലാൻഡ് ചെയ്ത ഉടൻ കണറ്റിക്കട്ട് പൊലീസ് വിമാനത്തിൽ കയറി ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിരയായ ജീവനക്കാരിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ ജീവനക്കാർ കാണിച്ച മനഃസാന്നിദ്ധ്യത്തെ അഭിനന്ദിച്ച് അമേരിക്കൻ എയർലൈൻസ് പ്രസ്താവന പുറത്തിറക്കി.
"അക്രമം അംഗീകരിക്കില്ലെന്നും ജീവനക്കാർ കാണിച്ച പ്രൊഫഷണലിസത്തിനും മറ്റ് യാത്രക്കാർ നൽകിയ സഹായത്തിനും നന്ദി പറയുന്നതായും" കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. വിമാനത്തിൽ അതിക്രമം കാണിച്ച യുവാവിനെതിരെ നേരത്തെയും ക്രിമിനൽ കേസുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പിന്നീട് വിശദീകരിച്ചു. വിമാന ജീവനക്കാരെ കൈയേറ്റം ചെയ്തതിന് 20 വർഷം വരെ ഇയാൾക്ക് തടവ് ശിക്ഷ ലഭിച്ചേക്കും.


