കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കും. ഖലിസ്ഥാനി സംഘടനയുടെ ഭീഷണി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന ഖലിസ്ഥാനി സംഘടനയാണ് ഭീഷണി മുഴക്കിയത്.
വാൻകൂവർ(കാനഡ): കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖലിസ്ഥാനി സംഘടനയുടെ ഭീഷണി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന ഖലിസ്ഥാനി സംഘടനയാണ് ഭീഷണി മുഴക്കിയത്. വ്യാഴാഴ്ച കാനഡയിലെ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ 12 മണിക്കൂർ ഉപരോധം പ്രഖ്യാപിച്ചതായും റിപ്പോർട്ട് പുറത്തുവന്നു. സെപ്റ്റംബർ 18 ന് കോൺസുലേറ്റ് സന്ദർശിക്കരുതെന്ന് ഇന്തോ-കനേഡിയൻ പൗരന്മാരോട് സംഘടന മുന്നറിയിപ്പ് നൽകി. കനേഡിയൻ മണ്ണിൽ ഇന്ത്യൻ ഭരണകൂടം നടത്തുന്ന ചാരവൃത്തിക്കും ഭീഷണിക്കും എതിരെ സംഘടന കോൺസുലേറ്റിൽ ഉപരോധം നടത്തുമെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾ ഖാലിസ്ഥാനികൾക്കെതിരെ ചാരശൃംഖലയും നിരീക്ഷണവും നടത്തുന്നതായി സംഘടന ആരോപിച്ചു. രണ്ട് വർഷം മുമ്പ്, 2023ല്‍ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നു. രണ്ട് വർഷത്തിന് ശേഷവും, ഖാലിസ്ഥാൻ പ്രചാരകരെ ലക്ഷ്യമിട്ട് ഇന്ത്യൻ കോൺസുലേറ്റുകൾ ചാര ശൃംഖലയും നിരീക്ഷണവും തുടരുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി. പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനിഷ് പട്‌നായിക്കിനെ ലക്ഷ്യമിട്ട പോസ്റ്ററും പുറത്തുവിട്ടു.
2023-ൽ ഖലിസ്ഥാൻ തീവ്രവാദിയായ നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണർമാരെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ ഭീഷണി. 2023 ജൂണിൽ വാൻകൂവറിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് രണ്ട് തോക്കുധാരികളുടെ വെടിയേറ്റാണ് നിജ്ജാർ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ അന്നത്തെ ഹൈക്കമ്മീഷണറെയും മറ്റ് നിരവധി നയതന്ത്രജ്ഞരെയും പുറത്താക്കിയിരുന്നു. ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഇന്ത്യ, പകരം വീട്ടൽ നടപടിയായി, ആക്ടിംഗ് ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് മുതിർന്ന കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി.


