തടവിൽ കഴിയുന്ന പികെകെയുടെ സ്ഥാപക നേതാവ് അബ്ദുള്ള ഒക്‌ലാന്‍റെ ആഹ്വാന പ്രകാരമാണ് സംഘടന സമാധാനത്തിന്‍റെ പാത തെരഞ്ഞെടുക്കുന്നത്.
അങ്കാറ: തുർക്കിയുമായുള്ള സംഘർഷം അവസാനിപ്പിച്ച് ആയുധം താഴെ വയ്ക്കുകയാണെന്ന് കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടി (പികെകെ). 40 വർഷത്തിലേറെയായി പികെകെയുടെ നേതൃത്വത്തിൽ തുർക്കിയിൽ ആഭ്യന്തര കലാപം നടക്കുകയാണ്. തടവിൽ കഴിയുന്ന പികെകെയുടെ സ്ഥാപക നേതാവ് അബ്ദുള്ള ഒക്‌ലാനാണ് സംഘടനയെ നിരായുധീകരിക്കാനും സമാധാനത്തിന്‍റെ പാത പിന്തുടരാനും ആഹ്വാനം ചെയ്തത്.
ഫെബ്രുവരിയിലെ തന്‍റെ സന്ദേശത്തിൽ, പികെകെയുടെ സായുധ പോരാട്ടം അതിന്‍റെ പ്രാരംഭ ലക്ഷ്യം നേടിയെന്ന് അബ്ദുള്ള ഒക്‌ലാൻ പറഞ്ഞു. കുർദിഷ് ന്യൂനപക്ഷത്തിനായി കുർദിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യത്തോടെയാണ് പികെകെ പ്രവർത്തനം ആരംഭിച്ചത്. തുർക്കി, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ കുർദ് ഭൂരിപക്ഷ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് സ്വതന്ത്ര കുർദിസ്ഥാൻ രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. അടുത്തിടെ തുർക്കിയിലെ കുർദുകൾ കൂടുതൽ അവകാശങ്ങൾ തേടിയതായി പികെകെ അവകാശപ്പെട്ടിരുന്നു. കുർദിഷ് പ്രശ്നം ജനാധിപത്യപരമായി പരിഹരിക്കാൻ കഴിയുന്ന തലത്തിലേക്ക് എത്തിച്ചുവെന്നും പികെകെ ആ അർത്ഥത്തിൽ ദൗത്യം പൂർത്തിയാക്കിയെന്നും സംഘടന പറയുന്നു.
തുർക്കിക്കെതിരായ പികെകെയുടെ പോരാട്ടത്തിൽ 40,000ൽ അധികം പേരാണ് കൊല്ലപ്പെട്ടത്. പികെകെയുടെ തീരുമാനം സിറിയയിലും ഇറാഖിലും ഉൾപ്പെടെ എന്ത് മാറ്റമുണ്ടാക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. സിറിയൻ ഭരണകൂടത്തിനെതിരെ ആ രാജ്യത്തു പോരാടുന്ന കുർദ് അനുകൂല സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസ് ആഹ്വാനം തങ്ങൾക്ക് ബാധകമല്ലെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. നാല് കോടിയോളം വരുന്ന കുർദുകൾ തുർക്കി, സിറിയ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലോകശക്തികൾ അവർക്ക് സ്വന്തം രാഷ്ട്രം വാഗ്ദാനം ചെയ്തു. എന്നാൽ അതൊരിക്കലും യാഥാർത്ഥ്യമായില്ല.
പി.കെ.കെ.യെ നിരായുധീകരിക്കാൻ പ്രേരിപ്പിക്കാൻ സർക്കാർ ഒരു ഇളവും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തുർക്കിയിലെ അധികൃതർ പറയുന്നു. എന്നാൽ കുർദുകളുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കുർദിഷ് അനുകൂലികളായ ഉദ്യോഗസ്ഥർ. 1999 മുതൽ തുർക്കിയിലെ ജയിലിൽ ഏകാന്ത തടവ് അനുഭവിക്കുന്ന അബ്ദുള്ള ഒക്‌ലാന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന് പികെകെ ആവശ്യപ്പെട്ടെങ്കിലും ഇതിനോട് തുർക്കി ഭരണകൂടം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ഒക്‌ലാൻ ഇസ്തംബുളിനു സമീപമുള്ള ദ്വീപായ ഇമ്രാലിയിലെ ജയിലിലാണ്. വെടിനിർത്തൽ പൂർണ വിജയമായാൽ എർദൊഗാന് 2028ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇക്കാര്യം അനുകൂലമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.


