സംഘർഷവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിക്കരുതെന്ന് കുവൈത്ത് സൈബർക്രൈം വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. മതവിഭാഗീയത പ്രേരിപ്പിക്കുന്നതോ സമൂഹത്തിൽ കലഹം സൃഷ്ടിക്കുന്നതോ ആയ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതും നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: സംഘർഷം, സൈനിക നടപടികൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കുവൈത്തിലെ സൈബർക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.
കൂടാതെ മതവിഭാഗീയത പ്രേരിപ്പിക്കുന്നതോ സമൂഹത്തിൽ കലഹം സൃഷ്ടിക്കുന്നതോ ആയ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതും നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുവൈത്ത് നിയമപ്രകാരം നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് സൈബർക്രൈം വിഭാഗം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ദേശീയ ഐക്യവും സാമൂഹിക സൗഹൃദവും സംരക്ഷിക്കുന്നതിനായി എല്ലാ താമസക്കാരും നിഷ്പക്ഷത പാലിക്കുകയും പ്രേരണാപരമായ ഉള്ളടക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം കുവൈത്തിന്‍റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡോൺ അവശിഷ്ടങ്ങളും വീണ സംഭവത്തിൽ ആറുപേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘങ്ങളും ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പറഞ്ഞു. ആംബുലൻസ് സംഘങ്ങൾ സംഭവസ്ഥലത്ത് രണ്ട് സ്ത്രീകൾക്ക് ചികിത്സ നൽകി. മറ്റൊരാളെ ജഹ്റ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റി.


