കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ നിഷേധിച്ചപ്പോൾ, ഇത് ഇറാനിയൻ ഡ്രോണുകളാണെന്ന് യുഎസ് സ്ഥിരീകരിച്ചു.
കുവൈത്ത് സിറ്റി: പുതിയതായി നവീകരിച്ച് പ്രവർത്തനം ആരംഭിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച ഉണ്ടായ ഇറാൻ ആക്രമണത്തിന്‍റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 1ലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറങ്ങുന്നതും വലിയ രീതിയിൽ തീപിടിത്തമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
സിസിടിവി ദൃശ്യങ്ങൾ
വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ചേർത്താണ് അതോറിറ്റി വീഡിയോ പുറത്തുവിട്ടത്. ഡ്രോൺ വന്നിടിച്ച ആഘാതത്തിൽ ടെർമിനൽ 1-ന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൂർണ്ണമായി തകർന്നു വീഴുന്നതും, പുകപടലങ്ങൾക്കിടയിലൂടെ യാത്രക്കാർ ജീവരക്ഷാർത്ഥം ചിതറിയോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കി, വിദേശ-അറബ് എയർലൈനുകൾക്കായി ഘട്ടംഘട്ടമായി സർവ്വീസുകൾ പുനരാരംഭിച്ചതിന്റെ രണ്ടാം നാളിലാണ് ഈ ആക്രമണം ഉണ്ടായത്.
വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു ഇന്ത്യൻ യാത്രക്കാരൻ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. വിമാനത്താവള ജീവനക്കാരും സാധാരണക്കാരും യാത്രക്കാരും ഉൾപ്പെടെ കുറഞ്ഞത് 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ചികിത്സയിലാണ്. നയതന്ത്ര കാര്യാലയങ്ങളുടെ ഓഫീസുകൾ ഉൾപ്പെടെയുള്ള വിമാനത്താവളത്തിലെ സുപ്രധാന സൗകര്യങ്ങൾ തകർന്നതിനെ തുടർന്ന് വിമാന സർവ്വീസുകൾ താല്ക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയ ശേഷം കുവൈത്ത് എയർവേയ്‌സും ജസീറ എയർവേയ്‌സും നിലവിൽ സർവ്വീസുകൾ പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് ആക്രമണം നടന്ന വിമാനത്താവളത്തിലെ ടെർമിനൽ 1 സന്ദർശിക്കുകയും നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്തു. അതേസമയം, കുവൈത്ത് എയർപോർട്ടിന് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഇറാൻ വിട്ട മിസൈലുകളെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച ഇന്റർസെപ്റ്റർ മിസൈലുകൾ ലക്ഷ്യം തെറ്റി എയർപോർട്ടിൽ പതിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് ആരോപിച്ചു. എന്നാൽ ഇറാന്‍റെ വാദം കള്ളമാണെന്നും, ഇറാനിയൻ ഡ്രോണുകൾ മനഃപൂർവ്വം കുവൈത്ത് വിമാനത്താവളത്തെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുകയായിരുന്നെന്നും യുഎസ് സൈന്യം വ്യക്തമാക്കി.

