അതിസമ്പന്നര്‍ നിക്ഷേപങ്ങൾക്കായി സ്വിറ്റ്സര്‍ലന്‍ഡ് തിരഞ്ഞെടുക്കുന്നത് കുറഞ്ഞ നികുതി നിരക്കുകള്‍ കൊണ്ടല്ല, മറിച്ച് തങ്ങളുടെ സ്വത്തിന്റെ ദീര്‍ഘകാല സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയാണെന്ന് പുതിയ പഠനം. യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന നികുതി നിരക്കുണ്ടായിട്ടും, ശക്തമായ സാമ്പത്തിക ശൃംഖലയാണ് സ്വിറ്റ്സര്‍ലന്‍ഡിനെ ആകര്‍ഷകമാക്കുന്നത്.
സ്വിറ്റ്സര്‍ലന്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ആദ്യം ഓടിയെത്തുക മനോഹരമായ ആല്‍പ്‌സ് പര്‍വതനിരകളും സ്‌കീയിംഗും അവിടുത്തെ ആകര്‍ഷകമായ പ്രകൃതി ഭംഗിയുമൊക്കെയാണ്. എന്നാല്‍ ഇതിനപ്പുറം, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായും, അതിസമ്പന്നരുടെ പ്രിയപ്പെട്ട താവളമായും സ്വിറ്റ്സര്‍ലന്‍ഡ് അറിയപ്പെടുന്നുണ്ട്. ലോകത്തെ പ്രമുഖ ശതകോടീശ്വരന്മാര്‍ തങ്ങളുടെ സ്വത്ത് സുരക്ഷിതമായി നിലനിര്‍ത്താനും കൈകാര്യം ചെയ്യാനും പ്രധാനമായും ആശ്രയിക്കുന്നത് സ്വിറ്റ്സര്‍ലന്‍ഡിനെയാണ്.
എന്നാല്‍, ഏറ്റവും കുറഞ്ഞ നികുതി ഉള്ളതുകൊണ്ടല്ല കോടീശ്വരന്മാര്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്ന് 'എനെസ് ഗ്ലോബല്‍' നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നു. കുറഞ്ഞ നികുതി നിരക്കിനേക്കാള്‍, തങ്ങളുടെ സ്വത്തിന്റെ ദീര്‍ഘകാല സംരക്ഷണത്തിനും, സുരക്ഷിതത്വത്തിനുമാണ് അതിസമ്പന്നര്‍ മുന്‍ഗണന നല്‍കുന്നത്.
നികുതി കൂടുതലെങ്കിലും ഡിമാന്‍ഡ് കുറയുന്നില്ല
പഠനമനുസരിച്ച്, സ്വിറ്റ്സര്‍ലന്‍ഡിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത വരുമാന നികുതി നിരക്ക് ഏകദേശം 39.7 ശതമാനമാണ്. യൂറോപ്പിലെ മറ്റ് പല വളര്‍ന്നുവരുന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. എന്നിട്ടും, സ്വിറ്റ്സര്‍ലന്‍ഡിലേക്ക് താമസം മാറാനും തങ്ങളുടെ സ്വത്തുക്കള്‍ അവിടെ സുരക്ഷിതമായി നിക്ഷേപിക്കാനും ആഗ്രഹിക്കുന്ന സമ്പന്നരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലെ ബള്‍ഗേറിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യക്തിഗത വരുമാന നികുതി വെറും 10 ശതമാനം മാത്രമാണ്. ഹംഗറിയില്‍ ഇത് 15 ശതമാനമാണ്. മാള്‍ഡോവ, ജോര്‍ജിയ എന്നീ രാജ്യങ്ങളിലും സ്വിറ്റ്സര്‍ലന്‍ഡിനേക്കാള്‍ വളരെ കുറഞ്ഞ നികുതി നിരക്കാണുള്ളത്.
എന്നാല്‍ മറ്റ് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിലെ നികുതി കുറവാണ് താനും. ഉദാഹരണത്തിന് യുകെയില്‍ ഇത് 45 ശതമാനവും, ജര്‍മ്മനിയില്‍ 47.5 ശതമാനവുമാണ്. ഫ്രാന്‍സ് (55.4%), സ്‌പെയിന്‍ (54%), പോര്‍ച്ചുഗല്‍ (53%) എന്നീ രാജ്യങ്ങളിലെല്ലാം നികുതി നിരക്കുകള്‍ ഇതിലും വളരെ കൂടുതലാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 2.9 ട്രില്യണ്‍ ഡോളറിന്റെ അന്താരാഷ്ട്ര സ്വത്താണ് സ്വിറ്റ്സര്‍ലന്‍ഡ് കൈകാര്യം ചെയ്യുന്നത്. വിവിധ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന വായ്പ നല്‍കുന്നവര്‍, വെല്‍ത്ത് മാനേജര്‍മാര്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ ശക്തമായ ഒരു ശൃംഖല തന്നെ സ്വിറ്റ്സര്‍ലന്‍ഡിനുണ്ട്.


