യുകെയിലെ ലേബർ പാർട്ടി സർക്കാർ അതിസമ്പന്നർക്ക് മേൽ അധിക നികുതി ചുമത്താൻ തീരുമാനിച്ചതോടെ ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തൽ രാജ്യം വിടാനൊരുങ്ങുന്നു. പാരമ്പര്യമായി കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥ ഏർപ്പെടുത്തുന്നതാണ് പ്രധാന കാരണം.
ലണ്ടൻ: യുകെയിൽ അതിസമ്പന്നർക്ക് മേൽ അധിക നികുതി ചുമത്താനുള്ള ലേബർ പാർട്ടി സർക്കാരിൻ്റെ തീരുമാനത്തിന് പിന്നാലെ രാജ്യം വിടാനൊരുങ്ങി ഇന്ത്യൻ വംശജനായ അതിസമ്പന്നനായ ലക്ഷ്മി മിത്തൽ. ഉരുക്ക് വ്യവസായികളിൽ പ്രധാനിയും യുകെയിൽ സ്ഥിരതാമസമാക്കിയ ആളുമാണ് ലക്ഷ്മി മിത്തൽ. രാജസ്ഥാൻ സ്വദേശിയായ ഇദ്ദേഹം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്ക് കമ്പനിയുടെ ഉടമയാണ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിനാണ് ആർസെലർ മിത്തൽ കമ്പനിയുടെ 40 ശതമാനം ഓഹരിയും.
ആകെ 15.4 ബില്യൺ പൗണ്ട് ആസ്തിയാണ് ലക്ഷ്മി മിത്തലിനുള്ളതായി കരുതപ്പെടുന്നത്. യുകെയിലെ എട്ടാമത്തെ അതിസമ്പന്നനാണ് ഇദ്ദേഹം. ചാൻസലർ റേച്ചൽ റീവ്സ് രാജ്യത്തെ സാമ്പത്തിക പ്രയാസം മറികടക്കാൻ നികുതി വർധനവിലേക്ക് നീങ്ങുമ്പോഴാണ് ഇദ്ദേഹത്തിൻ്റെ നീക്കം. മൂലധന നേട്ടത്തിന് മേലുള്ള നികുതി കഴിഞ്ഞ ബജറ്റിൽ ഉയർത്തിയ റീവ്‌സ് ഇക്കുറി പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന കുടുംബ സ്ഥാപനങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥയാണ് ഏർപ്പെടുത്തുന്നത്. ഇതോടെയാണ് ലക്ഷ്‌മി മിത്തൽ രാജ്യം വിടാൻ തീരുമാനിച്ചത്.
ഇരുപത് വയസ് പൂർത്തിയായതിന് പിന്നാലെ കുടുംബ ബിസിനസിൻ്റെ നിയന്ത്രണം ഏറ്റെടുത്തയാളാണ് ലക്ഷ്മി മിത്തൽ. യുകെ ഉൾപ്പെടെ 60 ലധികം രാജ്യങ്ങളിലായി 125,000 ൽ അധികം ആളുകൾ ജോലി ചെയ്യുന്ന കമ്പനിയാണ് ലക്ഷ്മി മിത്തലിൻ്റേത്. 1995 ൽ ലണ്ടനിലേക്ക് താമസം മാറിയ ഇദ്ദേഹം ബ്രിട്ടനിലെ നിരവധി കൊട്ടാര സമാനമായ വീടുകൾ വാങ്ങിയിരുന്നു. യുഎഇയിലെ നയിയ ദ്വീപിൽ ഭൂമി വാങ്ങിയ മിത്തൽ ഇവിടേക്ക് താമസം മാറുമെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. അനന്തരാവകാശികൾക്ക് മേൽ നികുതി ചുത്താത്ത ദുബായിക്കും സ്വിറ്റ് സർലണ്ടിലേക്കും ഇദ്ദേഹം പോകാൻ സാധ്യതയുണ്ട്.


