സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

തിരുവനന്തപുരം: ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. പലസ്‌തീനിലെ ഗാസ മുനമ്പില്‍ ഹമാസും ഇസ്രയേല്‍ സേനയും നടത്തുന്ന ഏറ്റുമുട്ടലുകള്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സാധാരണ പൗരന്മാരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത്‌ മാറിയിട്ടുണ്ട്‌. 

നിരവധി ജീവനുകള്‍ ഇതിന്റെ ഭാഗമായി നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകള്‍ ഇനിയും തുടരുന്നത്‌ നിരപരാധികളുടെ ജീവന്‍ കൂടുതല്‍ നഷ്ടപ്പെടുന്നതിന്‌ മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രയേല്‍, പാലസ്‌തീന്‍ ഭൂപ്രദേശങ്ങള്‍ വ്യാപകമായി പിടിച്ചെടുക്കുകയും പാലസ്‌തീന്‍ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ്‌ ഇത്തരമൊരു സ്ഥിതിവിശേഷത്തിന്‌ അടിസ്ഥാനമിട്ടത്‌. ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്‌നങ്ങളെ മനസ്സിലാക്കി പരിഹരിക്കുകയാണ്‌ വേണ്ടത്‌. അതിനുള്ള സാഹചര്യം സൃഷ്‌ടിക്കാനുള്ള ഇടപെടലാണ്‌ ഉണ്ടാകേണ്ടത്‌.

ദ്വിരാഷ്‌ട്ര പരിഹാരമെന്ന യു.എന്‍ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി പാലസ്‌തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കണം. നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച്‌ സമാധാനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Read more:  പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത് ടവറുകളിൽ പലസ്തീന്റെ പതാക ഉയർന്നു

അതേസമയംമൂന്ന് ദിവസമായിട്ടും ഹമാസ് ഭീഷണിയിൽ നിന്ന് മുക്തമാകാതെ ഇസ്രയേൽ. കൊല്ലപ്പെട്ടവരുടെ എണ്ണം എഴുന്നൂറ് കടന്നു. ഹമാസിന്റെ പിടിയിലുള്ള 130 -ലേറെ ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടി. 95 ലക്ഷത്തോളം ഇസ്രയേലികൾ മൂന്നാം ദിവസവും വീടുകൾക്കുള്ളിൽ ഭീതിയോടെ കഴിയുകയാണ്.

വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേർ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിൽ. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവർ ബന്ദികളാണ്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്നതിൽ ഇസ്രായേലിന് വ്യക്തതയില്ല. രാജ്യത്തിനുള്ളിൽ കടന്നു കയറിയ ഹമാസ് സംഘാംഗങ്ങൾ എവിടെയൊക്കെ മറഞ്ഞിരിക്കുന്നുവെന്നും അറിയില്ല. പലയിടത്തും ഇപ്പോഴും സൈന്യവും ഹമാസും ഏറ്റുമുട്ടുന്നു. ശത്രുവിനെ ഭയന്ന് മൂന്നാം ദിനവും 95 ലക്ഷം ഇസ്രയേലികളാണ് പ്രാണരക്ഷാർത്ഥം വീടുകൾക്കുള്ളിൽ കഴിയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിൽ ഇതുപോലൊരു പ്രതിസന്ധി ഇസ്രായേലിന് ഉണ്ടായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം