ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലുഫ്‌താൻസയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ മുൻചക്രങ്ങൾ ഒടിഞ്ഞ് അപകടമുണ്ടായി. ഷാങ്ഹായിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ യാത്രക്കാർ കയറുന്നതിനിടെയാണ് സംഭവം. അപകടത്തിൽ ജീവനക്കാർക്കും ഗ്രൗണ്ട് സ്റ്റാഫിനും പരിക്കേറ്റു, വിമാന സർവീസ് റദ്ദാക്കി.

ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ലുഫ്‌താൻസ എയർലൈൻസിന്റെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ മുൻചക്രങ്ങൾ ഒടിഞ്ഞ് അപകടം. വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതിനായി ഗേറ്റിൽ നിർത്തിയിട്ടിരുന്ന സമയത്താണ് അപ്രതീക്ഷിത അപകടം ഉണ്ടായത്. വിമാന ജീവനക്കാരും ഗ്രൗണ്ട് സ്റ്റാഫും യാത്രക്കാരും അടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. ഷാങ്ഹായിലേക്ക് പുറപ്പെടേണ്ടിയിരുന്ന LH728 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിനുള്ള ബോർഡിംഗ് ബ്രിഡ്‌ജ് ഘടിപ്പിച്ച് ഇതുവഴി യാത്രക്കാർ കയറുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗം റൺവേയിലേക്ക് ശക്തമായി ഇടിച്ചിറങ്ങി. ബോർഡിങ് ബ്രിഡ്‌ജിനും തകരാർ സംഭവിച്ചു. ചക്രങ്ങൾ തകരുമ്പോൾ വിമാനത്തിനുള്ളിൽ യാത്രക്കാർ കുറവായിരുന്നു. പെട്ടെന്നുണ്ടായ ആഘാതത്തിൽ വിമാനത്തിനകത്തുണ്ടായിരുന്ന ജീവനക്കാർക്കും വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും പരിക്കേറ്റു. ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കിയെന്നാണ് വിവരം. അപകടത്തെ തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. തകർന്ന ചക്രങ്ങൾ മാറ്റുന്നതിനും വിമാനം റൺവേയിൽ നിന്ന് നീക്കുന്നതിനുമായി സാങ്കേതിക വിദഗ്ദ്ധർ പരിശോധന നടത്തിവരികയാണ്. അപകടത്തെ തുടർന്ന് ഷാങ്ഹായിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി. യാത്രക്കാരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റി.

ലുഫ്‌താൻസയുടെ സർവീസിലേക്ക് പുതുതായി ഉൾപ്പെടുത്തിയ ബോയിംഗ് 787-9 (D-ABTL) വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാർക്ക് ചെയ്തിരുന്ന വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ലോക്ക് സംവിധാനത്തിൽ ഉണ്ടായ സാങ്കേതിക തകരാറാണോ അതോ മനുഷ്യസഹജമായ എന്തെങ്കിലും വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് കണ്ടെത്താൻ ജർമ്മൻ ഫെഡറൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.