നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ ആംബുലന്‍സ് ലഭിച്ചത് 16 മണിക്കൂറുകള്‍ക്ക് ശേഷമാണ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

ദില്ലി: മാലദ്വീപില്‍ എയര്‍ലിഫ്റ്റിന് ഇന്ത്യന്‍ വിമാനം ഉപയോഗിക്കുന്നതിന് അധികൃതര്‍ അനുമതി നിഷേധിച്ചതിന് പിന്നാല രോഗബാധിതനായ 14കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. മാലദ്വീപിന് ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചെന്നും ചികിത്സ വൈകിയതോടെ 14കാരന്‍ മരിച്ചെന്നുമാണ് മാലദ്വീപ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. 

'ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്ട്രോക്ക് ബാധിച്ച 14കാരനെ സ്വദേശമായ ഗാഫ് അലിഫ് വില്ലിങ്കിലിയില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് കുടുംബം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ ആംബുലന്‍സ് ലഭിച്ചത് 16 മണിക്കൂറുകള്‍ക്ക് ശേഷമാണ്.' തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ എയര്‍ ആംബുലന്‍സില്‍ കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. 

14കാരന്റെ പിതാവിന്റെ പ്രതികരണം ഇങ്ങനെ: സ്ട്രോക്ക് ബാധിച്ച ഉടന്‍ തന്നെ കുട്ടിയെ മാലെയിലെത്തിക്കാന്‍ ഞങ്ങള്‍ ഐലന്‍ഡ് ഏവിയേഷനുമായി ബന്ധപ്പെട്ടു. എന്നാല്‍ അവര്‍ ഞങ്ങളുടെ കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. വ്യാഴാഴ്ച രാവിലെ 8:30ന് അവരെ ഫോണില്‍ ബന്ധപ്പെട്ടു. ഇത്തരം കേസുകള്‍ക്ക് എയര്‍ ആംബുലന്‍സ് ലഭ്യമാക്കുക എന്നത് മാത്രമാണ് വഴി. നിരന്തരമായി തുടര്‍ന്ന അഭ്യര്‍ത്ഥന മാനിച്ച് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മാലെയിലെത്തിച്ചത്.

സംഭവത്തില്‍ പ്രതികരിച്ച് എയര്‍ലിഫ്റ്റിംഗ് ചുമതലയുള്ള ആസന്ധ കമ്പനി രംഗത്തെത്തി. വിവരം ലഭിച്ച ഉടന്‍ തന്നെ എയര്‍ലിഫ്റ്റിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കാരണം വഴിതിരിച്ചു വിടാന്‍ സാധിക്കാതെ വരുകയായിരുന്നുവെന്നാണ് കമ്പനി പ്രതികരണം. കുട്ടിയുടെ മരണത്തിന് പിന്നാലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രസിഡന്റിന്റെ ഇന്ത്യന്‍ വിരോധം കാരണം ഒരു കുട്ടിയുടെ ജീവനാണ് നഷ്ടപ്പെട്ടതെന്ന് വിമര്‍ശിച്ച് ജനപ്രതിനിധികളടക്കമുള്ളവര്‍ രംഗത്തെത്തി.

സെപ്റ്റിക് ടാങ്കിൽ യുവതിയുടെ അർദ്ധനഗ്ന മൃതദേഹം; പീഡനശേഷം കൊന്നതെന്ന് പൊലീസ്

YouTube video player