2007 ജനുവരി 1-നോ അതിനുശേഷമോ ജനിച്ചവർക്ക് മാലദ്വീപ് രാജ്യവ്യാപകമായി പുകയില ഉൽപ്പന്നങ്ങൾ നിരോധിച്ചു. ഈ നിയമലംഘനത്തിന് കനത്ത പിഴ ചുമത്തുന്നതോടൊപ്പം, ഇ-സിഗരറ്റുകളുടെയും വേപ്പുകളുടെയും ഇറക്കുമതിയും രാജ്യത്ത് വിലക്കിയിട്ടുണ്ട്.
മാലി: 2007-ലോ അതിനുശേഷമോ ജനിച്ചവർക്ക് നവംബർ 1 മുതൽ മാലദ്വീപ് രാജ്യവ്യാപകമായി പുകയില നിരോധനം ഏർപ്പെടുത്തി. 2007 ജനുവരി 1-നോ അതിനുശേഷമോ ജനിച്ച വ്യക്തികൾക്ക് മാലിദ്വീപിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും വിലക്കുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലിയാണ് മാലദ്വീപിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഒരാളുടെ പ്രായത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, പ്രായം പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കിയതിനുശേഷം മാത്രമേ പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയൂവെന്ന് ഉത്തരവിൽ പറയുന്നു. എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും നിരോധനം ബാധകമാണ്, വിൽപ്പനക്കാർ വിൽപ്പനയ്ക്ക് മുമ്പ് പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. സമൂഹത്തിലെ അനാരോഗ്യകരമായ ശീലങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഏപ്രിൽ 13 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞിരുന്നു. പിന്നീടാണ് നിയമനിർമാണം നടത്തിയത്.
നവംബറിൽ മാലിദ്വീപുകൾ പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തുകയും ഇ-സിഗരറ്റുകളും വാപ്പിംഗ് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു. ഈ നയം വിനോദസഞ്ചാരികൾക്കും ബാധകമാണ്.
കഴിഞ്ഞ വർഷം നവംബർ 15 മുതൽ മാലിദ്വീപിലേക്ക് വേപ്പുകളും ഇ-സിഗരറ്റുകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം പുകവലിക്കെതിരെ ഒരു തലമുറ നിയമം നടപ്പിലാക്കിയ ആദ്യത്തെ രാജ്യമായ ന്യൂസിലാൻഡ്, അത് അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ, 2023 നവംബറിൽ അത് റദ്ദാക്കി. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് പിടിക്കപ്പെട്ടാൽ 50,000 റുഫിയ ($3,200)യും വേപ്പ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് 5,000 റുഫിയ ($320) പിഴയും ചുമത്തും.
