ജക്കാർത്ത: വീടിന് മുകളിൽ ഉൽക്കാശില പതിച്ച വീട്ടുടമ ഒറ്റരാത്രികൊണ്ട് കോടീശ്വരനായി. ഇൻഡൊനീഷ്യയിലെ സുമാത്രയിലാണ് സംഭവം. ശവപ്പെട്ടി നിര്‍മ്മാണ സ്ഥാപനം നടത്തുന്ന ജോസുവ ഹുത്തഗലംഗ് എന്ന 33 കാരനായ യുവാവാണ് രാത്രി വെളുത്തപ്പോഴേക്ക് കോടീശ്വരനായത്.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. തന്റെ വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്നു ഹുത്തഗലംഗ്. വീടിന് മുകളില്‍ വലിശൊരു ശബ്ദം കേട്ട് ഓടിയെത്തി നോക്കുമ്പോഴാണ് വലിയൊരു പാറ കഷ്ണം കിടക്കുന്നത് കണ്ടത്. 2.1 കിലോഗ്രാം ഭാരം വരുന്ന ഉൽക്കയായിരുന്നു അത്. വീടിന്‍റെ മുന്നിലെ ബാല്‍ക്കണിയിലേക്കാണ് ഉല്‍ക്ക ശില വീണത്. ശില എടുക്കാന്‍ ശ്രമിച്ചെങ്കിലും ചുട്ടുപൊള്ളുന്ന ചൂടുകാരണം സാധിച്ചില്ലെന്ന് ജോസുവ മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യത്തെ അമ്പരപ്പ് മാറിയതോടെ ഉല്‍ക്കശിലയുടെ ഫോട്ടോ ജോസുവ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെയാണ് കഥ മാറിയത്.  ഉല്‍ക്കശിലയുടെ മൂല്യത്തെപ്പറ്റി ജോസുവ മനസിലാക്കുന്നത് അപ്പോഴാണ്. ഒറ്റ രാത്രികൊണ്ട് ജോസുവ ഹുത്തഗലംഗ് കോടീശ്വരനായി മാറുന്നതാണ് പിന്നീട് കാണുന്നത്. ഏകദേശം 9 കോടിയിലേറെ രൂപയ്ക്ക് ആ ഉൽക്ക ഹുത്തഗലംഗ് വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹുത്തഗലംഗിന്‍റെ മേൽക്കൂരയിൽ പതിച്ച ഉൽക്കാശില കാർബണേഷ്യസ് കോണ്ട്രൈറ്റ് ആണ് - വളരെ അപൂർവമായ ഇനം. ഏകദേശം 450ൽ ഏറെ വർഷങ്ങൾ പഴക്കമുള്ളതാണ് ഇതെന്ന് കണക്കാക്കപ്പെടുന്നു. ഉൽക്കശിലകൾ ശേഖരിക്കുന്ന അമേരിക്കയിലെ ജേർഡ് കോളിൻസ് എന്നയാൾക്കാണ് ജോഷ്വ ഹുത്തഗലുങ് ഇത് വിറ്റത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ മെറ്റോറൈറ്റ് സ്റ്റഡീസിലെ സഹപ്രവർത്തകൻ ജയ് പിയാറ്റെക്കിന് കോളിൻസ് ഇത് വീണ്ടും വിറ്റതായി റിപ്പോർട്ടുണ്ട്.

കാന്തികഗുണങ്ങളുള്ള അപൂർവയിനം ഉൽക്കശിലയ്ക്ക് തനിക്ക് കിട്ടിയ തുക കൃത്യമായി ഹുത്തഗലംഗ് വെളിപ്പെടുത്തിയിട്ടില്ല.  ഇപ്പോൾ കിട്ടിയ പണം ഉപയോഗിച്ച് തന്‍റെ ഗ്രാമത്തിൽ ഒരു പള്ളി പണിയാനാണ് ഹുത്തഗലംഗ് ആലോചിക്കുന്നത്.