കാലിഫോർണിയ: ടോയ്‍ലെറ്റ് പേപ്പർ ഒളിച്ചു വച്ച് എന്നാരോപിച്ച് അമ്മയുടെ മുഖത്ത് ഇടിച്ച മകനെ കാലിഫോർണിയ പൊലീസ് അറസ്റ്റ് ചെയ്തു. കാലിഫോർണിയ സ്വദേശിയായ അഡ്രിയാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  മകൻ ടോയ്‍ലെറ്റ് പേപ്പർ അമിതമായി ഉപയോ​ഗിക്കുന്നത് മൂലമാണ്  ഒളിച്ചു വച്ചത്. ടോയ്ലെറ്റ് പേപ്പർ കാണാതെ വന്നതിനെ തുടർന്ന് അമ്മയും മകനും തമ്മിൽ തർക്കമാരംഭിച്ചു. ഒടുവിൽ 26 കാരനായ മകൻ അമ്മയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പ്രഹരമേൽപിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇയാളെ കസ്റ്റ‍ഡിയിലെടുത്തിരിക്കുന്നത്. 

കൊവിഡ് 19 വ്യാപനത്തെ തുടർനന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അവശ്യവസ്തുവായി ടോയ്ലെറ്റ് പേപ്പറിന് ദൗർലഭ്യം നേരിടുന്നുണ്ട്. എന്നാൽ മകൻ അമിതമായി ടോയ്ലെറ്റ് പേപ്പർ ഉപയോ​ഗിക്കുന്നു. അതിനാലാണ് എടുത്ത് ഒളിച്ചു വച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ​ഗാർഹിക അതിക്രമങ്ങൾ വർദ്ധിച്ചതായി സാന്റാ ക്ലാരിറ്റ ഷെരീഫ്സ് സ്റ്റേഷൻ വക്താവ് ഷർലി മില്ലർ പറഞ്ഞു. അതുപോലെ തന്ന ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിലുള്ള ജനങ്ങൾ വൻതോതിൽ ടോയ്ലെറ്റ് പേപ്പർ വാങ്ങിച്ചു കൂട്ടുന്നുണ്ട്. ടോയ്‍ലെറ്റ് പേപ്പർ വാങ്ങാൻ ജനങ്ങൾ ക്യൂ നിൽക്കുന്ന  വീഡിയോ വൈറലായിരുന്നു.  കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഇല്ലാതാകുമോ എന്ന പരിഭ്രാന്തിയാണ് ഇത്തരം സാധനങ്ങൾ വാങ്ങിച്ച് സ്റ്റോക്ക് ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.