Asianet News MalayalamAsianet News Malayalam

ലണ്ടനില്‍ കത്തിയാക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, ആക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി

പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിലാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ യുവാവിനെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പൊലീസ് ഇയാളെ വെടിവെച്ച് കൊന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. 

Man shot by police After stabbing in London
Author
London, First Published Nov 29, 2019, 9:41 PM IST


ലണ്ടന്‍: ലണ്ടനില്‍ യുവാവിന്‍റെ കത്തിയാക്രമണം. ആക്രമിയെ പൊലീസ് വെടിവെച്ചു. എന്നാല്‍, ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിലാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ യുവാവിനെ പിടികൂടിയെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, പൊലീസ് ഇയാളെ വെടിവെച്ചതായി ദൃക്സാക്ഷികള്‍ പറയുന്നത്. പൊലീസ് വെടിവെക്കുന്നതിന്‍റെ ദൃശ്യങ്ങളും പ്രചരിച്ചു. അക്രമി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം 1.58ന് പാലത്തിന്‍റെ വടക്കുഭാഗത്താണ് ആക്രമണം നടന്നത്.

ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് കത്തി കൊണ്ട് ആക്രമണം നടത്തുകയായിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണ്. വെടിവെപ്പുണ്ടായതായും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു. അക്രമിയെ വെടിവെക്കുന്ന 14 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പ്രചരിച്ചു. 2017ലും ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടന്നിരുന്നു. ട്രക്ക് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക തീവ്രവാദികളായിരുന്നു അന്നത്തെ ആക്രമണത്തിന് പിന്നില്‍. 

സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധം പൊലീസ് ആരോപിച്ചു. അക്രമി സ്ഫോടക വസ്തുക്കളുമായാണ് എത്തിയതെന്നും ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പറയുന്നു. ആക്രമണത്തെ അപലപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രംഗത്തെത്തി. ആക്രമണത്തെ പ്രതിരോധിച്ച പൊലീസിന് അദ്ദേഹം നന്ദി പറഞ്ഞു.

ആക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് വെടിവെക്കുന്നതായി പ്രചരിക്കുന്ന വീഡിയോ

 

Follow Us:
Download App:
  • android
  • ios