ന്യൂയോര്‍ക്ക്: ലോകവ്യാപകമായി പ്രചരിച്ച ഐസ് ബക്കറ്റ് ചാലഞ്ചിന് പ്രചോദനമായ മുന്‍ അമേരിക്കന്‍ ബേസ് ബോള്‍ താരം പെറ്റെ ഫ്രേറ്റ്സ് അന്തരിച്ചു. മോട്ടോർ ന്യൂറോൺ ഡിസീസ് എന്നറിയപ്പെടുന്ന അമിട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് (എഎൽഎസ്) രോഗബാധിതനായിരുന്നു 34-കാരനായ ഫ്രേറ്റ്സ്. 

2014ല്‍ തുടക്കം കുറിച്ച് പിന്നീട് സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ച ഐസ് ബക്കറ്റ് ചാലഞ്ചിന് പ്രചോദനമായത് ഫ്രേറ്റ്സ് ആയിരുന്നു. ബോസ്റ്റണില്‍ ജനിച്ചുവളര്‍ന്ന ഫ്രേറ്റ്സ് മുന്‍ അത്ലറ്റും ബേസ്ബോള്‍ താരവുമായിരുന്നു. 2012ലാണ് ഫ്രേറ്റ്സിന് രോഗം തിരിച്ചറിയുന്നത്. എഎൽഎസ് എന്നറിയപ്പെടുന്ന ഈ അസുഖം തലച്ചോറിനെയും ഞരമ്പിനെയും സ്പൈനൽകോഡിനെയും ബാധിക്കുകയും വ്യക്തിയെ തളർവാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കാത്ത  മോട്ടോർ ന്യൂറോൺ ഡിസീസ് മൂലം ലോകത്താകമാനം നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്. ഈ രോഗത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിനും ഇതിനെതിരെ പോരാടാൻ ഫണ്ട് ശേഖരിക്കുന്നതിനുമായാണ് എഎൽഎസ് അസോസിയേഷൻ ഐസ് ബക്കറ്റ് ചലഞ്ചിന് രൂപം കൊടുത്തത്.

ഗോള്‍ഫ് താരമായ ക്രിസ് കെന്നഡിയാണ് തന്‍റെ ബന്ധുവിനെ വെല്ലുവിളിച്ച് കൊണ്ട് ഐസ് ബക്കറ്റ് ചാലഞ്ചിന് തുടക്കമിട്ടത്.  ഒരു ബക്കറ്റ് ഐസ് വെള്ളമെടുത്ത് തലയിലൂടെ ഒഴിക്കുന്നതിന്‍റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയും മൂന്ന് സുഹൃത്തുക്കളെ ഇതിൽ പങ്കെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നതാണ് ഐസ് ബക്കറ്റ് ചാലഞ്ച്. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ്, ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയ നിരവധി പ്രമുഖര്‍ ഈ ചാലഞ്ച് ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഏകദേശം 220 മില്യണ്‍ യുഎസ് ഡോളറാണ് ഐസ് ബക്കറ്റ് ചാലഞ്ചിലൂടെ ശേഖരിച്ചത്. എഎല്‍എസ് ബാധിതരായവര്‍ക്കും എഎല്‍എസിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തുന്നതിനുമായാണ് ഈ ഫണ്ട് ഉപയോഗിച്ചത്.