കാനഡയുടെ മണ്ണിൽ കാലുകുത്തിയാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റുചെയ്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) വാറന്റ് നടപ്പാക്കുമെന്നായിരുന്നു മാർക്ക് കാർണിയുടെ വാക്കുകൾ

ഒട്ടാവ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ബ്ലൂംബെര്‍ഗിന്റെ ഒരു അഭിമുഖ പരിപാടിയിലാണ് നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ ഐസിസി ഉത്തരവ് പാലിച്ച് അറസ്റ്റ് ചെയ്യുമെന്ന് കാര്‍ണി പരസ്യമായി പ്രഖ്യാപിച്ചത്. കാനഡയുടെ മണ്ണിൽ കാലുകുത്തിയാൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റുചെയ്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) വാറന്റ് നടപ്പാക്കുമെന്നായിരുന്നു മാർക്ക് കാർണിയുടെ വാക്കുകൾ

ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു കാർണിയുടെ ഉത്തരം. ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡയ്ക്ക് ബാധ്യതയുണ്ടെന്നും കാർണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് ബെന്യാമിൻ നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.

നെതന്യാഹുവിനെതിരേയുള്ള ഐസിസി അറസ്റ്റുവാറന്റ് നടപ്പാക്കുമെന്ന് സഖ്യകക്ഷിയായ ഒരു പാശ്ചാത്യരാഷ്ട്രം ആദ്യമായാണ് പ്രഖ്യാപിക്കുന്നത്. നേരത്തേ പലസ്തീന്റെ രാഷ്ട്രപദവിയും കാനഡ അംഗീകരിച്ചിരുന്നു. അറബുരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും കാനഡയുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.