ഹോങ് കോങ്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ മാസ്കുകള്‍ ധരിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം നിലനില്‍ക്കുമ്പോള്‍ ചൈനയില്‍ മാസ്കിന് വന്‍ ക്ഷാമം. മാസ്ക് വാങ്ങാനായി മെഡിക്കല്‍ ഷോപ്പുകളുടെ മുമ്പില്‍ ആളുകള്‍ വരിനില്‍ക്കുകയാണ്.  ജയില്‍ തടവുകാരെ 24 മണിക്കൂറും ജോലി ചെയ്യിപ്പിച്ച് കൂടുതല്‍ മാസ്കുകള്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും മാസ്കുകളുടെ ആവശ്യകത വര്‍ധിച്ച സാഹചര്യത്തില്‍ ഇവയൊന്നും മതിയാകാതെ വരികയാണ്. ഇതോടെ പ്ലാസ്റ്റികും പച്ചക്കറിത്തോടും മുതല്‍ സാനിറ്ററി നാപ്കിനുകള്‍ വരെ മാസ്കാക്കി മാറ്റുകയാണ് ചൈനക്കാര്‍. 

Read More: കൊറോണ: ചൈനയില്‍ മരണം 213 ആയി, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വൈറസ് ഭീതിയെത്തുടര്‍ന്ന് രാജ്യത്തെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. മറ്റ് മാര്‍ഗങ്ങളില്ലാതെ പ്ലാസ്റ്റിക്, പേപ്പര്‍, പച്ചക്കറിത്തോടുകള്‍, സാനിറ്ററി നാപ്കിനുകള്‍ മുതല്‍ അടിവസ്ത്രങ്ങള്‍ വരെ മാസ്ക് രൂപത്തിലേക്ക് മാറ്റിയാണ് ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.