കടയിലെ ഒരു സ്റ്റോറേജ് റൂമിന്റെ തറയ്ക്കടിയില്‍ ആരും ശ്രദ്ധിക്കാത്ത വിധത്തിലുള്ള ഒരു വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഒരു വലിയ തുരങ്കം. ഇറങ്ങിച്ചെല്ലാന്‍ കോണ്‍ക്രീറ്റ് പടികള്‍. പാറ തുരന്ന് നിര്‍മ്മിച്ചതുപോലെയുള്ള തുരങ്കത്തിന് കോണ്‍ക്രീറ്റ് തറ.
അമേരിക്കയിലെ കാലിഫോര്‍ണിയ സ്‌റ്റേറ്റിലെ സാന്‍ ഡീഗോ അതിര്‍ത്തി നഗരത്തിലായിരുന്നു ആ കട. ഒറ്റനോട്ടത്തില്‍ ഒരു ഹോള്‍സെയില്‍ കട. കണ്ടാല്‍, ഒരു ഗോഡൗണ്‍. പേര് ബൈ ഫോര്‍ ലെസ്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കട എന്ന് ബോര്‍ഡ്. പക്ഷേ, അവിടെ കാര്യമായ കച്ചവടമൊന്നും നടന്നിരുന്നില്ല. ആള്‍ത്തിരക്കുമില്ല. കുറച്ച് ജോലിക്കാര്‍ മാത്രം സാധനങ്ങള്‍ കൊണ്ടുവരികയും കൊണ്ടുപോവുകയും ചെയ്തു.
മെക്‌സിക്കോയിലെ ടിജുവാനയ്ക്ക് തൊട്ടപ്പുറം, യുഎസിലെ സാന്‍ ഡീഗോയിലുള്ള ഒട്ടായ് മേസ പോര്‍ട്ട് ഓഫ് എന്‍ട്രിക്ക് സമീപമായിരുന്നു ആ കട. 2005 മുതല്‍ യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ കട നിരീക്ഷിച്ചു വരികയായിരുന്നു. അവസാനം, ഇക്കഴിഞ്ഞ ദിവസം അവര്‍ അവിടെയൊരു തിരച്ചില്‍ നടത്തി. അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. കടയില്‍നിന്ന് 45 മില്യണ്‍ ഡോളറിലധികം വിലവരുന്ന 1,029 കിലോഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തു. നാല് പേരെ ഇവിടെനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ രണ്ടു പേര്‍ അമേരിക്കക്കാരും രണ്ട് പേര്‍ മെക്‌സിക്കോക്കാരുമാണ്.
മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയിലുള്ള ആ കട ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മയക്കുമരുന്നും ആയുധങ്ങളും കടത്താനുള്ള മറയായിരുന്നു. കടയിലെ ഒരു സ്റ്റോറേജ് റൂമിന്റെ തറയ്ക്കടിയില്‍ ആരും ശ്രദ്ധിക്കാത്ത വിധത്തിലുള്ള ഒരു വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഒരു വലിയ തുരങ്കം. ഇറങ്ങിച്ചെല്ലാന്‍ കോണ്‍ക്രീറ്റ് പടികള്‍. പാറ തുരന്ന് നിര്‍മ്മിച്ചതുപോലെയുള്ള തുരങ്കത്തിന് കോണ്‍ക്രീറ്റ് തറ.
മെക്‌സിക്കോ അതിര്‍ത്തിയില്‍നിന്ന് യുഎസ് അതിര്‍ത്തിയിലേക്ക് നീണ്ട തുരങ്കത്തിന് 1,933 അടി (590 മീറ്റര്‍) നീളമുണ്ട്. 55 അടി (16.8 മീറ്റര്‍) ആഴം, 4.5 അടി (1.4 മീറ്റര്‍) വരെ ഉയരം. അതിര്‍ത്തിയുടെ മെക്‌സിക്കന്‍ ഭാഗത്തേക്ക് വീണ്ടും 800 അടിയിലധികം ഈ തുരങ്കം നീളുന്നു. ഉറപ്പുള്ള ചുവരുകള്‍. റെയില്‍, വായുസഞ്ചാര സംവിധാനങ്ങള്‍, വൈദ്യുതി എന്നിവയുമുണ്ട്. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചാണ് ഇതിലേക്ക് പ്രവേശിച്ചിരുന്നത്. ഇതിലൂടെ കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന ടണ്‍ കണക്കിന് മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തിയിരുന്നതായി അമേരിക്കന്‍-മെക്‌സിക്കന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കുപ്രസിദ്ധ മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘമായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ നടത്തുന്നതാണ് ഈ തുരങ്കവും മയക്കുമരുന്ന് വില്‍പ്പനയുമെന്നാണ് പ്രാഥമിക വിവരം.


