Asianet News MalayalamAsianet News Malayalam

മെയ് 9: റഷ്യക്കെന്നും വിജയ ദിനം; യുക്രൈൻ യുദ്ധത്തിൽ നാളെ എന്ത് നടക്കും? പുടിന്‍റെ പ്രഖ്യാപനം എന്താകും?

മെയ് 9 റഷ്യയ്ക്ക് വിജയ ദിനമാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ, നാസി ജർമ്മനിക്ക് മേൽ വിജയം നേടിയ ദിനം. യുക്രൈനിലേത് 'പ്രത്യേക സൈനിക നടപടി' മാത്രമാണെന്ന് പറഞ്ഞിരുന്ന പുടിൻ ഇനിയത് യുദ്ധമെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കുമോ?

may 9, crucial day for russia ukraine war
Author
Moscow, First Published May 8, 2022, 1:24 AM IST

ലോകം ആശങ്കയോടെ മെയ് 9 ലേക്ക് ഉറ്റുനോക്കുകയാണ്. റഷ്യയെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമായ ദിനമാണ് മെയ് മാസത്തിലെ ഒമ്പതാം തിയതി. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ, നാസി ജർമ്മനിക്ക് മേൽ വിജയം നേടിയ ദിനം എന്നത് തന്നെയാണ് റഷ്യയെ സംബന്ധിച്ചടുത്തോളം ഈ ദിവസത്തിന്‍റെ പ്രത്യേകത. അതുകൊണ്ടു തന്നെ നാളെ യുക്രൈൻ യുദ്ധം നിർണായക വഴിത്തിരിവിലെത്തുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. യുക്രൈനെതിരെ പുടിൻ ഔദ്യോഗികമായി സമ്പൂർണ യുദ്ധപ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. റഷ്യ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും. യുക്രൈനും ചിലതൊക്കെ ഭയക്കുന്നുണ്ട്. എന്താണ് ഇങ്ങനെയൊരു ഭയത്തിന് കാരണം?

എന്തുകൊണ്ട് മെയ് 9?

മെയ് 9 റഷ്യയ്ക്ക് വിജയ ദിനമാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ, നാസി ജർമ്മനിക്ക് മേൽ വിജയം നേടിയ ദിനം. യുക്രൈനിലേത് 'പ്രത്യേക സൈനിക നടപടി' മാത്രമാണെന്ന് ഇതുവരെ അവകാശപ്പെട്ടിരുന്ന റഷ്യൻ പ്രസിഡന്‍റ് വ്ലദിമിർ പുടിൻ ഇനിയത് യുദ്ധമെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ വിലയിരുത്തുന്നത്. യുക്രൈനെ നാസി വിമുക്തമാക്കാനാണ് സൈനിക നടപടിയെന്ന് പുടിൻ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ദിവസത്തിന്
ചരിത്രവുമായി ബന്ധപ്പെടുത്തി വൈകാരികതലം നൽകാൻ കൂടിയാകും ശ്രമം. യുദ്ധത്തിനെതിരെ ജനം തെരുവിൽ സമരം ചെയ്ത സാഹചര്യം വരെയുണ്ട് റഷ്യയിൽ. ഉപരോധങ്ങൾ നൽകുന്ന സമ്മർദം മറുവശത്തും. ഈ സാഹചര്യത്തിൽ യുദ്ധത്തിൽ ഇതുവരെയുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഇനിയുള്ള മുന്നേറ്റത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയെടുക്കുന്ന പ്രഖ്യാപനങ്ങൾ പുടിൻ നടത്തുമെന്നാണ് കണക്കുകൂട്ടൽ. വിജയദിവസത്തെ പരേഡിന് ശേഷം നിർണായക തീരുമാനങ്ങൾ വന്നേക്കും. കൂടുതൽ യുവാക്കളെ യുദ്ധരംഗത്തെത്തിക്കാനുള്ള നീക്കവും  നടത്തിയേക്കും. മൊബിലൈസേഷൻ നിയമം പ്രഖ്യാപിച്ച് കൂടുതൽ പേർക്ക് സൈനിക പരിശീലനം നൽകുകയും കൂടുതൽ പണം യുദ്ധമുഖത്ത് ചെലവഴിക്കാൻ വഴിയൊരുക്കുകയും ചെയ്യുമെന്ന് കരുതുന്നവരുണ്ട്.

ഇതുവരെ പതിനായിരത്തിലേറെ റഷ്യൻ സൈനികർക്ക് യുദ്ധത്തിൽ ജീവൻ നഷ്ടമായെന്നാണ് യുക്രൈന്‍റെയും പാശ്ചാത്യ രാജ്യങ്ങളുടെയും കണക്ക്. ഈ സാഹചര്യത്തിൽ കൂടുതൽ പേരെ രംഗത്തിറക്കേണ്ടത് റഷ്യക്ക് അനിവാര്യമാണ്. അതേസമയം അധിനിവേശം ഉദ്ദേശിച്ച രീതിയിൽ സാധ്യമായില്ലെന്ന് സമ്മതിക്കുക കൂടിയാകും ഈ നീക്കത്തിലൂടെ സംഭവിക്കുക എന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും പ്രധാന പ്രഖ്യാപനമാകും നടക്കുകയെന്ന് ചിലരെങ്കിലും  പ്രവചിക്കുന്നു.

യുദ്ധപ്രഖ്യാപനമല്ലെങ്കിൽ മറ്റെന്ത്?

സമ്പൂർണ യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിൽ പുടിൻ മറ്റെന്തൊക്കെ നീക്കം നടത്തുമെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. വിമതർക്ക് സ്വാധീനമുള്ള യുക്രൈൻ മേഖലകളായ ലുഹാൻസ്കും ഡോണെസ്കും രാജ്യത്തോട് ചേർക്കുകയോ ഒഡേസയിലേക്ക് വൻ മുന്നേറ്റം നടത്തുകയോ മരിയുപോളിന്‍റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
തെക്ക് കിഴക്കൻ നഗരമായ കേഴ്സണിൽ ജനകീയ റിപ്പബ്ലിക് പ്രഖ്യാപിക്കുകയാണ് മറ്റൊരു സാധ്യത. എന്തുതന്നെയായാലും മെയ് 9 നെ വൈകാരികമായി സമീപിക്കുന്ന റഷ്യൻ ജനതയുടെ പിന്തുണ ഉറപ്പിക്കാൻ ആ ദിവസത്തെ പുടിൻ നന്നായി ഉപയോഗിക്കുമെന്ന് തന്നെയാണ് പാശ്ചാത്യലോകം കരുതുന്നത്.

യുക്രൈൻ ഭയക്കുന്നതെന്ത്?

മരിയുപോളിൽ റഷ്യ മെയ് 9ന് സൈനിക പരേഡ് നടത്തുമെന്നാണ് യുക്രൈൻ ഇന്‍റലിജൻസ് വൃത്തങ്ങൾ പറയുന്നത്. പരേഡിനായുള്ള ഒരുക്കങ്ങൾ തുടരുകയാണ്. തെരുവുകൾ ഇതിനായി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു.ആയുധങ്ങളുടെ അവശിഷ്ടങ്ങൾ തൊട്ട് മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങൾ വരെ തെരുവുകളിൽ നിന്ന് നീക്കം ചെയ്യുന്നുണ്ട്. എന്തോ വലുത് വരാനിരിക്കുന്നുവെന്ന് യുക്രൈൻ മുൻകൂട്ടി കാണുന്നതും അതുകൊണ്ട് തന്നെ. എന്ത് തന്നെയായാലും നേരിടാൻ സജ്ജരെന്ന് യുക്രൈൻ ആവർത്തിക്കുന്നു. അപ്പോഴും യുദ്ധപ്രഖ്യാപനമുണ്ടാകില്ലെന്ന് ആവർത്തിക്കുകയാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്.

Follow Us:
Download App:
  • android
  • ios