രേഖകളില്ലാത്ത സ്വർണ്ണം കൈവശമുള്ളവരിൽ നിന്ന് നികുതി ഈടാക്കാൻ ഒരുങ്ങുന്നു. സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 12.5 ശതമാനം നികുതിയായി നൽകി അത് നിയമവിധേയമാക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 2 ബില്യൺ യൂറോ സമാഹരിക്കാനാണ് ഇറ്റലി ലക്ഷ്യമിടുന്നത്.
റോം: പൊതുഖജനാവിലേക്ക് കൂടുതൽ പണം സമാഹരിക്കാൻ പുതിയ നീക്കവുമായി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ സർക്കാർ. കുതിച്ചുയരുന്ന സ്വർണ്ണവിലിയിലാണ് അവര്‍ കണ്ണുവച്ചിരിക്കുന്നത്. ബില്ലോ രേഖകകളോ ഇല്ലാത്ത സ്വര്‍ണവും ബാറുകളും കൈവശമുള്ളവരിൽ നിന്ന് ഭീമമായ നികുതി പിരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത വർഷത്തെ ബഡ്ജറ്റിലെ മറ്റ് സാമ്പത്തിക കാര്യങ്ങളിൽ ഭരണകക്ഷിയിലെ അംഗങ്ങൾക്കിടയിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് സ്വർണ്ണം നികുതി വരുമാനത്തിനായി ഉപയോഗിക്കാനുള്ള ഈ നിർദ്ദേശം.
നിയമപരമായി രേഖകളില്ലാത്ത സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, ബാറുകൾ എന്നിവ കൈവശമുള്ള പൗരന്മാരെ അവ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയിലൂടെ 2 ബില്യൺ യൂറോ വരെ സമാഹരിക്കാൻ കഴിയുമെന്നാണ് നിയമനിർമ്മാതാക്കൾ നിർദ്ദേശിക്കുന്നത്. പൗരന്മാർ കൈവശമുള്ള സ്വർണ്ണം വെളിപ്പെടുത്തുകയും അതിൻ്റെ മൂല്യം കണക്കാക്കുകയും, മൂല്യത്തിൻ്റെ 12.5 ശതമാനം നികുതിയായി നൽകുകയും വേണം.
യൂറോയ്ക്ക് മുൻപ് ഇറ്റലിയുടെ കറൻസിയായിരുന്ന ലിറയേക്കാൾ സുരക്ഷിതമായി സ്വർണ്ണത്തെ കണ്ടിരുന്ന ഇറ്റാലിയൻ കുടുംബങ്ങൾ പാരമ്പര്യമായി കൈമാറിക്കിട്ടിയതോ സമ്മാനമായി ലഭിച്ചതോ ആയ ചെറിയ അളവിലുള്ള സ്വർണ്ണം രേഖകളില്ലാതെ സൂക്ഷിക്കുന്നുണ്ട്. യഥാർത്ഥ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തതിനാൽ, നിലവിലെ നിയമപ്രകാരം ഈ സ്വർണ്ണം വിറ്റാൽ മൊത്തം വിൽപന മൂല്യത്തിന്റെ 26 ശതമാനം നികുതിയായി നൽകേണ്ടതുണ്ട്. ഇത് സ്വര്‍ണം വിൽക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയാണ്.
ഈ പദ്ധതി പ്രകാരം 'ഇറ്റലിക്കാർ കൈവശം വെച്ചിരിക്കുന്ന സ്വർണ്ണം ധനമാക്കിയോ രേഖകളുള്ള സ്വര്‍ണമാക്കിയോ മാറ്റാൻ സഹായിക്കും' എന്ന് ഫോർസ ഇറ്റാലിയ അംഗവും നിർദ്ദേശത്തെ പിന്തുണച്ച സെനറ്റർ ഡാരിയോ ഡാമിയാനിയും പറഞ്ഞു. 2026-ൻ്റെ ആദ്യ പകുതിയിൽ ഈ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ഇത് വഴി രേഖകളില്ലാത്ത സ്വർണ്ണം കൈവശമുള്ളവർക്ക് നിയമപരമായ രേഖകൾ നേടാൻ കഴിയും. ഭാവിയിൽ ഇത് വിൽക്കുമ്പോൾ ലാഭത്തിന് മേൽ മാത്രം 26ശതമാനം കാപ്പിറ്റൽ ഗെയിൻസ് ടാക്സ് നൽകിയാൽ മതിയാകും.അതേസമയം, ഈ നീക്കത്തിലൂടെ 2 ബില്യൺ യൂറോ സമാഹരിക്കാൻ സാധ്യത കുറവാണെന്നാണ് ധനമന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.
വിമർശനങ്ങളും രാഷ്ട്രീയ തർക്കങ്ങളും
ചെറുകാല വാടക കൂടാതെ മറ്റ് വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളിൽ ധനമന്ത്രി ജിയാൻകാർലോ ജോർജെറ്റിയുടെ കരട് ബഡ്ജറ്റിനോട് ഫോർസ ഇറ്റാലിയ, ലീഗ് കക്ഷികൾ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്വർണ്ണ നികുതി നിർദ്ദേശവുമായി കക്ഷികൾ രംഗത്തെത്തിയത്. ബഡ്ജറ്റിലെ ജനപ്രീതിയല്ലാത്ത മറ്റ് നടപടികൾ ഒഴിവാക്കുന്നതിനും മധ്യവർഗത്തിന് നികുതി കുറയ്ക്കുന്നതിനും പണം കണ്ടെത്താനുള്ള തീവ്രമായ ശ്രമമാണ് ഈ നിർദ്ദേശമെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. "ഈ സർക്കാരിന് എവിടെ നിന്ന് പണം ലഭിക്കുമെന്ന് അറിയില്ല," എന്ന് പ്രതിപക്ഷത്തെ ഫൈവ് സ്റ്റാർ പാർട്ടി അംഗം ജിയാൻമൗറോ ഡെൽ ഒലിയോ വിമർശിച്ചു. എങ്കിലും, സ്വർണ്ണം ഒരു ട്രോയ് ഔൺസിന് 4,300 ഡോളറിന് മുകളിൽ വ്യാപാരം ചെയ്യപ്പെടുന്ന ഈ സമയത്ത്, അടുത്തൊന്നും വിൽക്കാൻ സാധ്യതയില്ലാത്ത സ്വർണ്ണത്തിന് നികുതി നൽകാൻ ആളുകൾ തയ്യാറാകാൻ സാധ്യതയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയ്ക്കും ജർമ്മനിക്കും ശേഷം ഏറ്റവും കൂടുതൽ ദേശീയ സ്വർണ്ണ ശേഖരം ഇറ്റലിയുടെ സെൻട്രൽ ബാങ്കിനുണ്ടെങ്കിലും, സ്വകാര്യ സ്വർണ്ണ ശേഖരത്തെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ല.


