പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് അറുപത്തിനാലുകാരനായ  അര്‍മന്‍ഡൊയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്.

മെക്സിക്കോ സിറ്റി: ലൈംഗികാരോപണത്തിന്‍റെ പേരില്‍ വ്യക്തിഹത്യയ്ക്ക് വിധേയനായ പ്രശസ്ത മെക്സിക്കന്‍ സംഗീതഞ്ജന്‍ അര്‍മന്‍ഡൊ വെഗ ഗില്‍ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് അര്‍മന്‍ഡൊയ്ക്കെതിരെ ട്വിറ്ററില്‍ വന്‍ പ്രതിഷേധങ്ങളും ഹാഷ് ടാഗുകളുമാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കുറ്റബോധം മൂലമല്ല മരിക്കുന്നതെന്നുമായിരുന്നു അര്‍മന്‍ഡൊ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. മെക്സിക്കോയിലെ പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായ ബൊറ്റെലിറ്റ ഡി ജെറസിന്‍റെ സ്ഥാപകനാണ് അര്‍മന്‍ഡൊ.

പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചാണ് അറുപത്തിനാലുകാരനായ അര്‍മന്‍ഡൊയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്. ഈ ആരോപണം തെറ്റാണ്. എന്‍റെ മരണം കുറ്റബോധം കൊണ്ടല്ല. മറിച്ച് എന്‍റെ സത്യസന്ധത വെളിപ്പെടുത്താനാണ്. ഭാവിയില്‍ ഇതിന്‍റെ പേരില്‍ എന്‍റെ മകന്‍ പരിഹസിക്കപ്പെടരുത് - അര്‍മന്‍ഡൊ ട്വിറ്ററില്‍ കുറിച്ചു.

നിരവധി ആളുകളാണ് അര്‍മന്‍ഡൊയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. അദ്ദേഹം നിരപരാധി ആണങ്കില്‍ കോടതിയില്‍ തെളയിക്കണമായിരുന്നെന്ന് ഒരു വിഭാഗം പ്രതികരിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതില്‍ മനം നൊന്താണ് അര്‍മന്‍ഡൊ ആത്മഹത്യ ചെയ്തതെന്നാണ് മറുഭാഗത്തിന്‍റെ വാദം.