ബാലിയിൽ അറ്റകുറ്റ പണികൾക്കായുള്ള എൻജിനിയറിംഗ് പിന്തുണ ഇല്ലാത്തതിനാലാണ് വിമാനം തകരാറിലായ ശുചിമുറിയുമായി വിമാനം ടേക്ക് ഓഫ് ചെയ്തത്.

ബ്രിസ്ബേൻ: യാത്രക്കിടെ വിമാനത്തിനെ ശുചിമുറികൾ തകരാറിലായി. മൂത്രമൊഴിക്കാൻ യാത്രക്കാർക്ക് കുപ്പികൾ നൽകി വിമാന ക്രൂ അംഗങ്ങൾ. ശുചിമുറിയിൽ നിന്ന് ക്യാബിനിലേക്ക് മൂത്രം ഒഴുകിയെത്തിയതിന് പിന്നാലെ ദുർഗന്ധത്തിൽ മുങ്ങിയ ദുരിത യാത്രയാണ് യാത്രക്കാർ നേരിട്ടത്. മുപ്പതിനായിരം അടി ഉയരത്തിൽ ശുചിമുറിയിൽ പോലും പോകാനാവാതെ വലഞ്ഞ് യാത്രക്കാർ. ബാലിയിൽ നിന്ന് ബ്രിസ്ബേനിലേക്ക് പുറപ്പെട്ട വിർജിൻ ഓസ്ട്രേലിയ വിമാനത്തിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. ഓഗസ്റ്റ് 28നാണ് ബാലിയിലെ ഡെൻപാസർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിഎ50 വിമാനത്തിലാണ് ശുചിമുറികളിൽ എല്ലാം ഒരു പോലെ സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ഒരു ശുചിമുറി തകരാറിൽ ആയിരുന്നു. ശേഷിച്ച ഒരെണ്ണമാണ് യാത്രയ്ക്കിടെ തകരാറിൽ ആയത്. ആറ് മണിക്കൂ‍ർ നീണ്ട യാത്രയിൽ ബോയിംഗ് 737 മാക്സ് 8 വിമാനത്തിലുണ്ടായിരുന്നവരോട് ശുചിമുറി തകരാറിലാണെന്നും അത്യാവശ്യക്കാർ ബോട്ടിലുകളിൽ കാര്യം സാധിക്കണമെന്നും ക്യാബിൻ ക്രൂ വിശദമാക്കി. സംഭവം കുട്ടികളും പ്രായമായവരും സ്ത്രീകളും അടക്കമുള്ള യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിച്ചത്. സംഭവിച്ച തകരാറിൽ ഖേദം പ്രകടിപ്പിച്ച വിമാന കമ്പനി യാത്രക്കാർക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാലിയിൽ അറ്റകുറ്റ പണികൾക്കായുള്ള എൻജിനിയറിംഗ് പിന്തുണ ഇല്ലാത്തതിനാലാണ് വിമാനം തകരാറിലായ ശുചിമുറിയുമായി വിമാനം ടേക്ക് ഓഫ് ചെയ്തത്.

ശുചിമുറിയിൽ പോകാനായി നീണ്ട നിരകളും ഇതിന് പിന്നാലെ വിമാനത്തിനുള്ളിലുണ്ടായി. നാൽപ്പത് മിനിറ്റിലേറെ ചെലവിട്ടാണ് ശുചിമുറി ഉപയോഗിക്കാൻ സാധിച്ചതെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. ഇതും ശുചിമുറിയിൽ മാലിന്യം നിറഞ്ഞ സാഹചര്യത്തിലെന്നും യാത്രക്കാർ കൂട്ടിച്ചേർക്കുന്നു. ശുചിമുറിയിൽ നിന്ന് മനുഷ്യ വിസർജ്യം ക്യാബിനകത്തേക്കും എത്തുന്ന സ്ഥിതിയും യാത്രക്കാ‍ർക്ക് നേരിടേണ്ടി വന്നു.

ബോട്ടിലിൽ മൂത്രമൊഴിക്കാൻ വിസമ്മതിച്ച യാത്രക്കാരോട് സിങ്കിൽ മൂത്രമൊഴിക്കാനും ക്രൂ അംഗം ആവശ്യപ്പെട്ടെന്നാണ് പരാതി. സംഭവത്തിൽ വിർജീനിയ ഓസ്ട്രേലിയ എയർലൈൻ യാത്രക്കാരോട് ക്ഷമാപണം നടത്തി. സംഭവത്തിൽ വിമാനക്കമ്പനി അധികൃതർ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം