Asianet News MalayalamAsianet News Malayalam

കനത്ത സുരക്ഷയ്ക്കിടെ അപൂര്‍വ്വയിനം കുരങ്ങുകളെ കാണാതായി; മൃഗശാലയിലെ കൂടുകള്‍ പൊളിച്ച നിലയില്‍, ആശങ്ക

അതീവ സുരക്ഷയില്‍ പാര്‍പ്പിച്ചിരുന്ന കുരങ്ങുകളെ കാണാതായതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുരങ്ങുകളെ സംബന്ധിച്ച രഹസ്യ വിവരം ലഭിക്കുന്നത്

missing Tamarin monkeys from zoo found in closet of abandoned home
Author
First Published Feb 1, 2023, 12:14 PM IST

ദല്ലാസ് : ദുരൂഹ സാഹചര്യത്തില്‍ മൃഗശാലയില്‍ നിന്ന് കാണാതായ അപൂര്‍വ്വയിനം കുരങ്ങുകളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദക്ഷിണ ദല്ലാസിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിലെ അലമാരിയില്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുരങ്ങുകള്‍ ഉണ്ടായിരുന്നത്. അതീവ സുരക്ഷയില്‍ പാര്‍പ്പിച്ചിരുന്ന കുരങ്ങുകളെ കാണാതായതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുരങ്ങുകളെ സംബന്ധിച്ച രഹസ്യ വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുരങ്ങുകളെ കണ്ടെത്തുന്നത്.

സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മൃഗശാലയില്‍ തിരികെ എത്തിച്ച കുരങ്ങുകളെ പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുരങ്ങുകളെ കാണാതായതില്‍  സംശയമുണ്ടെന്ന് തോന്നുന്ന വ്യക്തിയെ കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ടുള്ള പൊലീസ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് രഹസ്യ സന്ദേശം ലഭിക്കുന്നത്. ഇത് ആദ്യമായല്ല ദല്ലാസ് മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ കാണാതാവുന്നത്. ദുരൂഹമായി മൃഗശാലയില്‍ നടക്കുന്ന സംഭവങ്ങളുമായി മൃഗങ്ങളെ കാണാതാവുന്നതിന് ബന്ധമുണ്ടെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

ജനുവരി 21ന് വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള കഴുകനെ അസാധാരണമായ മുറിവുകളോടെ മൃഗശാലയില്‍ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പിന്‍ എന്നുപേരായ ഈ കഴുകന് 35 വയസ് പ്രായമുണ്ട്. ഇതിന്‍റെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ജനുവരി 13ന് 3 വയസ് പ്രായമുള്ള പുള്ളിപ്പുലിയായ നോവയുടെ കൂടിന്‍റെ ഇരുമ്പ് വലയില്‍ പൊട്ടലുണ്ടായത് മൃഗശാല അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ലംഗൂര്‍ ഇനത്തിലുള്ള കുരങ്ങന്‍റെ കൂട്ടിലും സമാന രീതിയിലുളള പൊട്ടലുണ്ടായതിനേക്കുറിച്ച് മൃഗശാല അധികൃതര്‍ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ വന്നതിന് പിന്നാലെ മൃഗശാലയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരുന്നു. ഇവയെല്ലാം വെട്ടിച്ചാണ് അപൂര്‍വ്വയിനം കുരങ്ങുകളെ തട്ടിക്കൊണ്ട് പോയത്. 

സംശയാസ്പദ സാഹചര്യത്തിൽ കഴുകന്റെ മരണം, വിവരം നൽകുന്നവർക്ക് എട്ട് ലക്ഷം രൂപ നൽകുമെന്ന് മൃ​ഗശാല

Follow Us:
Download App:
  • android
  • ios